തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലിലും കൊലക്കേസ് പ്രതികള്‍ക്ക് വിഐപി ട്രീറ്റ്‌മെന്റ്. ടി.പി ചന്ദ്രശേഖരന്‍, ഭാസ്‌കര കാരണവര്‍ വധക്കേസ് പ്രതികളില്‍ നിന്ന് മൊബൈല്‍ ഫോണുകളും സിം കാര്‍ഡുകളും പിടിച്ചെടുത്തു. അണ്ണന്‍ സിജിത്ത്, ബാസിത് അലി എന്നിവരുടെ സെല്ലില്‍ നടത്തിയ പരിശോധനയിലാണ് ഫോണുകള്‍ കണ്ടെത്തിയത്. രഹസ്യ വിവരത്തെത്തുടര്‍ന്ന് ജയില്‍ സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. ടി.പി വധക്കേസിലെ മുഖ്യപ്രതിയാണ് അണ്ണന്‍ സിജിത്ത്, ബാസിത് അലിയാവട്ടെ ഭാസ്‌ക്കര കാരണവര്‍ കേസിലെ മുഖ്യ പ്രതിയും. ടി.പി വധക്കേസിലെ പ്രതികള്‍ക്കെല്ലാം ജയിലില്‍ സുഖവാസമാണെന്ന റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു. കേസിലെ മറ്റു പ്രതികളായ കൊടി സുനി, മുഹമ്മദ് ഷാഫി, ടി.കെ രജീഷ് എന്നിവര്‍ തൃശൂര്‍ വിയ്യൂര്‍ ജയിലിലാണുള്ളത്. മുമ്പ് കോഴിക്കോട്, വിയ്യൂര്‍ ജയിലുകളില്‍ വെച്ചും ഇവര്‍ ഫോണ്‍ ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളില്‍ സജീവമായതോടെയാണ് ഇവരുടെ മൊബൈല്‍ ഉപയോഗം പിടിക്കപ്പെട്ടത്.