കൊച്ചി: തന്റെ അഭിമുഖവുമായി ബന്ധപ്പെട്ട് വാരികയില്‍ വന്ന കാര്യങ്ങള്‍ പൂര്‍ണ്ണമായും ശരിയല്ലെന്ന് മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍. 13 മണിക്കൂര്‍ ചോദ്യം ചെയ്യാന്‍ മാത്രം ദിലീപിനെതിരേയും നാദിര്‍ഷാക്കെതിരേയും ശാസ്ത്രീയമായ തെളിവുകള്‍ ഈ കേസിലുണ്ടായിരുന്നില്ലെന്ന നിലപാടിലാണ് താനിപ്പോഴുമെന്നും അദ്ദേഹം പറഞ്ഞു. ‘അടിസ്ഥാനപരമായി എഡിജിപി ബി സന്ധ്യയുടെ പബ്ലിസിറ്റി സ്റ്റണ്ടാണ് കേസിലുള്ളത്. അവരാണ് എല്ലാം ചെയ്യുന്നതെന്നു വരുത്തണം. അതിനുള്ള ശ്രമമാണ്. ‘അതുകൊണ്ട് ആ കേസ് ചിലപ്പോള്‍ തുലഞ്ഞുപോകുമെന്നായിരുന്നു സെന്‍കുമാറിന്റെ വിമര്‍ശനം.

എന്നാല്‍ ഓരോ കേസിലും രണ്ടു കാര്യങ്ങളുണ്ട്. തെളിവും സംശയവും രണ്ടാണ്. അന്വേഷണത്തിന്റെ ആ ദിശയില്‍ ആരേയും പ്രതിയാക്കാന്‍ തെളിവില്ല. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കണമെന്നാണ് ഉദ്ദേശിച്ചത്. ഇപ്പോള്‍ തെളിവില്ലെന്ന് കരുതി ഇനി തെളിവില്ലാതിരിക്കണമെന്നുമില്ല. 13 മണിക്കൂര്‍ ചോദ്യം ചെയ്തപ്പോള്‍ എന്തുകൊണ്ട് അന്വേഷണസംഘത്തലവന്‍ ദിനേന്ദ്ര കശ്യപ് ഉണ്ടായിരുന്നില്ല. നല്ല കഴിവുള്ള ഉദ്യോഗസ്ഥനാണ് കശ്യപ്. നല്ല രീതിയില്‍ അന്വേഷിക്കണമെന്ന് മാത്രമാണ് ഉദ്ദേശിച്ചത്. എഡി.ജി.പി സന്ധ്യയെ അഭിനന്ദിച്ചുകൊണ്ട് ബെഹ്‌റ എഴുതിയ കത്ത് അവരുടെ ആഭ്യന്തര കാര്യമാണെന്നും താനിപ്പോള്‍ പോലീസിലില്ലെന്നും സെന്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു. നടിയെ ആക്രമിച്ചത് എന്തിനെന്നതിന് തെളിവില്ലെന്നും അദ്ദേഹം പറഞ്ഞു.