ഡല്‍ഹി: കൊറോണ വൈറസിന്റെ അതിവേഗം പടരുന്ന ദക്ഷിണാഫ്രിക്കന്‍, ബ്രസീലിയന്‍ വകഭേദങ്ങള്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇന്ത്യ പുതിയ യാത്രാ മാര്‍ഗനിര്‍ദേശം പുറത്തിറക്കി. യുകെ, യൂറോപ്പ്, മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍നിന്ന് ഒഴികെയുള്ള രാജ്യാന്തര യാത്രികര്‍ക്കാണു പുതിയ മാര്‍ഗനിര്‍ദേശം ബാധകമാകുക.

പുറപ്പെടുന്നതിനു 72 മണിക്കൂര്‍ മുന്‍പ് ആര്‍ടി പിസിആര്‍ പരിശോധന നടത്തി നെഗറ്റീവ് ആണെന്നു സ്ഥിരീകരിക്കണം. കുടുംബത്തിലെ മരണം കാരണം യാത്ര ചെയ്യുന്നവരെ മാത്രമാണ് ഇതില്‍നിന്ന് ഒഴിവാക്കിയിരിക്കുന്നത്. യുകെ, യൂറോപ്പ്, മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങള്‍ വഴി യാത്ര ചെയ്യുന്നവര്‍ എത്തുമ്പോള്‍ സ്വന്തം ചെലവില്‍ ആര്‍ടി പിസിആര്‍ പരിശോധന നിര്‍ബന്ധമായും നടത്തണമെന്നും നിര്‍ദേശമുണ്ട്. നേരിട്ട് വിമാന സര്‍വീസ് ഇല്ലാത്ത ദക്ഷിണാഫ്രിക്ക, ബ്രസീല്‍ എന്നിവിടങ്ങളില്‍നിന്നുള്ള യാത്രക്കാരും ഇതേ നിര്‍ദേശം പാലിക്കണം.