ന്യൂഡല്‍ഹി: സുപ്രീം കോടതിയുടെ നിര്‍ബന്ധ പ്രകാരമാണ് തിടുക്കപ്പെട്ട് മുത്തലാഖ് നിരോധന ബില്‍ കൊണ്ടുവന്നതെന്ന കേന്ദ്ര സര്‍ക്കാര്‍ വാദം നിരര്‍ത്ഥകമാണെന്ന് നിയമ വിദഗ്ധര്‍.

ലോക്‌സഭയില്‍ മുത്തലാഖ് നിരോധന ബില്‍ അവതരിപ്പിച്ച്് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞത്, മുത്തലാഖ് വിഷയത്തില്‍ ആറു മാസത്തിനകം നിയമ നിര്‍മാണം നടത്താന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടുവെന്നായിരുന്നു. ഇക്കാര്യം മന്ത്രി ട്വിറ്ററിലും ആവര്‍ത്തിച്ചു. പക്ഷേ ഇത് യാഥാര്‍ത്ഥ്യങ്ങള്‍ മറച്ചു വെച്ചു കൊണ്ടുള്ള വിവരമായിരുന്നുവെന്ന് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

നിയമമന്ത്രിയും വിവിധ ബി.ജെ.പി നേതാക്കന്‍മാരും മുത്തലാഖ് നിരോധന നിയമം പാസാക്കിയെടുക്കുന്നതിനായി ആവര്‍ത്തിച്ച് ഉന്നയിക്കുന്നത് സുപ്രീം കോടതിയുടെ ഒരു നിരീക്ഷണം മാത്രമാണെന്നതാണ് യാഥാര്‍ത്ഥ്യം. ഇതാവട്ടെ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിലെ ഭൂരിപക്ഷം ജഡ്ജിമാരും തള്ളിക്കളഞ്ഞതുമാണ്. ആഗസ്റ്റ് 22-നാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ച് മുത്തലാഖ് വിഷയത്തില്‍ വിധി പ്രസ്താവം നടത്തിയത്. ഇതില്‍ തന്നെ അഭിപ്രായ ഭിന്നതയും ഉണ്ടായിരുന്നു. അന്നത്തെ ചീഫ് ജസ്റ്റിസ് ആയിരുന്ന ജസ്റ്റി്‌സ് ജെ.എസ് ഖെഹാര്‍, ജസ്റ്റിസ് എസ്.എ നസീര്‍ എന്നിവര്‍ മുത്തലാഖ് മതപരമായ ആവശ്യമായ ഒരു പ്രയോഗമാണെന്നും അതിനാല്‍ ഭരണഘടനയുടെ അനുഛേദം 25 പ്രകാരം മൗലികാവകാശമായ.ി സംരക്ഷിക്കപ്പെടേണ്ടതാണെന്നുമാണ് അഭിപ്രായപ്പെട്ടത്.

തലാഖ് ഇ ബിദ്അത്ത് സുന്നികളുടെ മതപരമായ വിശ്വാസത്തിന്റെ ഭാഗമാണെന്നും 1400 വര്‍ഷത്തിലധികമായി ഇത് പിന്തുടരുന്നുണ്ടെന്നും മുസ്‌ലിം വ്യക്തിനിയമത്തിന്റെ ഭാഗമായി ഇത് അംഗീകരിച്ചതുമാണെന്നും അതിനാല്‍ ഇതിനെ അസാധുവാക്കാനോ, നിയമ പ്രകാരം അസ്വീകാര്യമാക്കാനോ കോടതിക്ക് കഴിയില്ലെന്നും ജസ്റ്റിസുമായാ ഖെഹാറും നസീറും അഭിപ്രായപ്പെട്ടു. ഭരണഘടന സംരക്ഷിക്കാന്‍ മാത്രമല്ല, അനുഷ്ഠാനങ്ങള്‍ നിലനിര്‍ത്താനും കോടതിക്ക് ബാധ്യതയുണ്ടെന്നും ഇരുവരും വ്യക്തമാക്കി.

അതേസമയം, ഭരണഘടനയുടെ അനുഛേദം 142 പ്രകാരം പൂര്‍ണ നീതി നടപ്പിലാക്കേണ്ടതുള്ളതിനാല്‍ ലിംഗ അസമത്വം ഒഴിവാക്കേണ്ടതിനാല്‍ മുത്തലാഖ് സ്വമേധയാ ഒഴിവാക്കേണ്ടതാണെന്നും ഇരുവരും പറഞ്ഞു. തലാഖ് ഇ ബിദ്അമത്ത് പരാമര്‍ശിക്കുന്ന തരത്തില്‍ ആവശ്യമായ നിയമം നിര്‍മാണത്തിന് കേന്ദ്ര സര്‍ക്കാറിനോട് നിര്‍ദേശിക്കുന്നതായും അവസാനമായി ഇരുവരും പറഞ്ഞു. നിയമ നിര്‍മാണം നടക്കുന്നതുവരെ ആറുമാസത്തേക്ക് മുത്തലാഖ് ചൊല്ലുന്നതില്‍ നിന്നും മുസ്‌ലിം ഭര്‍ത്താക്കന്‍മാരെ വിലക്കുന്നതായും ജസ്റ്റിസുമാര്‍ കൂട്ടിച്ചേര്‍ത്തു.

ഈ നിര്‍ദേശത്തെയാണ് പുതിയ നിയമം ആറുമാസത്തിനകം നിര്‍മിക്കണമെന്ന തരത്തില്‍ സുപ്രീം കോടതി നിര്‍ദേശിച്ചു എന്ന തരത്തില്‍ കേന്ദ്ര സര്‍ക്കാറും ബി.ജെ.പി നേതാക്കളും ഉന്നയിക്കുന്നത്. അതേ സമയം ഭരണഘടനാ ബെഞ്ചിലുണ്ടായിരുന്നു മൂന്ന് ജഡ്ജിമാര്‍ മുത്തലാഖ് മൗലികാവകാശമാണെന്നും അത് സംരക്ഷിക്കേണ്ടതാണെന്നുമാണ് അഭിപ്രായപ്പെട്ടതെന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നേയില്ല.

മുത്തലാഖ് വിഷയത്തില്‍ സുപ്രീം കോടതി ഏകകണ്ഠമായി വിധി പറഞ്ഞിട്ടില്ലെന്നിരിക്കെ, തിടുക്കപ്പെട്ട് നിയമ നിര്‍മാണം നടത്താനുള്ള ശ്രമത്തിനു പിന്നില്‍ ഗൂഢ ലക്ഷ്യങ്ങളുണ്ടെന്നാണ് കരുതപ്പെടുന്നത്.