ന്യൂഡല്‍ഹി: മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ അവതരണം രാജ്യസഭയില്‍ പ്രതിപക്ഷം തടസ്സപ്പെടുത്തി. ന്യൂനപക്ഷ വിഭാഗത്തിലെ പുരുഷന്മാരെ ലക്ഷ്യമിട്ട് ബി.ജെ.പി തയ്യാറാക്കുന്ന നിയമനിര്‍മാണം ദുരുപദിഷ്ടിതമാണെന്നും ബില്‍ പ്രത്യേക പാര്‍ലമെന്ററി കമ്മിറ്റിയുടെ പരിശോധനക്ക് വിടണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തെ തുടര്‍ന്ന് സഭ ഉച്ചവരെ പിരിഞ്ഞു.

ബില്‍ രാജ്യസഭയില്‍ ചര്‍ച്ചക്കു വരുന്ന സാഹചര്യത്തില്‍ മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തിയിരുന്നു. ബില്ലിനെതിരെ നിലകൊള്ളുന്ന യു.പി.എ ഇതര കക്ഷികളുടെയും പിന്തുണ ഉറപ്പാക്കാന്‍ രാഹുല്‍ ഗാന്ധിയുടെ നേരിട്ടുള്ള ഇടപെടല്‍ വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.