തിരുവനന്തപുരം:15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഹൃദയ ശസ്ത്രക്രിയക്കായ് മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് എത്തിക്കില്ല. കുഞ്ഞിനെ കൊച്ചി അമൃത ആശുപത്രിയിലേക്ക് മാറ്റും. സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി കെകെ ഷൈലജ വിഷയത്തില്‍ ഇടപെട്ടതിന് പിന്നാലെയാണ് തീരുമാനം. സര്‍ക്കാരിന്റെ ഹൃദ്യം പദ്ധതിയില്‍ പെടുത്തി മുഴുവന്‍ ചികിത്സ ചിലവും സര്‍ക്കാര്‍ വഹിക്കാനും തീരുമാനമായി.

ആംബുലന്‍സ് തൃശൂര്‍ പിന്നിടുന്ന സമയത്താണ് മന്ത്രിയുടെ നിര്‍ദ്ദേശമെത്തുന്നത്. മന്ത്രി അമൃതയില്‍ വിളിച്ച് വിവരം അന്വേഷിച്ചതിന് ശേഷമായിരുന്നു വീട്ടുകാരെ അറിയിച്ചത്. എന്നാല്‍ ആദ്യം കുടുംബം ഇത് നിരസിച്ചുവെങ്കിലും പിന്നീട് സമ്മതിക്കുകയായിരുന്നുവെന്നാണ് വിവരം. അമൃതയില്‍ കുഞ്ഞിന്റെ ശസത്രക്രിയക്ക് വേണ്ട എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.

രാവിലെ പത്തിനാണ് മംഗലാപുരത്ത് നിന്ന് ആംബുലന്‍സ് യാത്ര ആരംഭിച്ചത്. 10മണിക്കൂറുകൊണ്ട് തിരുവനന്തപുരത്ത് എത്തിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ തെക്കന്‍ജില്ലകളിലെ തിരക്കുമൂലം യാത്ര എളുപ്പമാകില്ലെന്ന സാഹചര്യത്തിലാണ് അടിയന്തര ഇടപെടല്‍. ഇപ്പോള്‍ ആംബുലന്‍സ് കൊച്ചിയിലേക്ക് പ്രവേശിക്കുകയാണ്.