പാലക്കാട്: പതിനഞ്ചുകാരിയെ സ്‌നാപ്പ് ചാറ്റിലൂടെ പരിചയപ്പെട്ട് നഗ്‌നചിത്രങ്ങള്‍ കൈക്കലാക്കി നിരവധി പേര്‍ക്ക് അയച്ചുകൊടുത്ത് പണം വാങ്ങിയ കേസില്‍ യുവാവ് അറസ്റ്റില്‍. ടാറ്റൂ ആര്‍ട്ടിസ്റ്റ് കൊല്ലം പുന്നല പടയണിപാറ പിറവന്തൂര്‍ കരവൂര്‍ വിപിനെയാണ് (22) ടൗണ്‍ സൗത്ത് പൊലീസ് എറണാകുളത്ത് നിന്ന് പിടികൂടിയത്.
പ്രതിയെ പെണ്‍കുട്ടിക്ക് കൃത്യമായി അറിയാത്തതിനാലും തിരിച്ചറിയാത്ത തരത്തില്‍ മൊബൈല്‍ സാങ്കേതികവിദ്യ ഉപയോഗിച്ചതിനാലും പ്രതിയെ കണ്ടെത്താന്‍ പ്രയാസപ്പെട്ടതായി പൊലീസ് പറഞ്ഞു. സൈബര്‍ പോലീസിന്റെയും സമാന രീതിയിലുള്ള കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെയും പാത പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്.
കോഴിക്കോട് തേഞ്ഞിപ്പലത്തും ഇയാള്‍ക്കെതിരെ കേസുണ്ടെന്ന് പൊലീസ് പറഞ്ഞു. ദേഹത്ത് ടാറ്റൂ അടിക്കുന്ന തൊഴില്‍ ചെയ്തു വരുകയാണ് ഇയാള്‍.
പാലക്കാട് എ.എസ്.പി രാജേഷ് കുമാര്‍, സൗത്ത് സി.ഐ. വിപിന്‍കുമാര്‍, എസ്.ഐമാരായ ഹേമലത. വി, എം. സുനില്‍ എം , എ.എസ്.ഐമാരായ ബിജു, നവോജ്, പൊലീസ് ഉദ്യോഗസ്ഥരായ രജീദ്, മഹേഷ് എന്നിവരുള്‍പ്പെട്ട സംഘമാണ് അന്വേഷണം നടത്തിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.