ന്യൂഡല്‍ഹി: നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ മരണം ബിജെപി രാഷ്ട്രീയമായി ഉപയോഗിക്കുന്നെന്ന ആരോപണവുമായി കോണ്‍ഗ്രസ് ലോക്സഭ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി.സുശാന്തിന്റെ മരണം ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള പ്രധാനപ്പെട്ടതുറുപ്പു ചീട്ടാക്കി ബിജെപി ഉപയോഗിക്കുകയാണെന്ന് അധീര്‍ രഞ്ജന്‍ ചൗധരി വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ് ബിജെപി സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ആളിക്കത്തിക്കുന്നത്. തെളിവുകളില്ലാതെ റിയ ചക്രബര്‍ത്തിയെ പല കേസുകളില്‍ കുടുക്കി ഉപദ്രവിക്കുകയാണ്. ബിഹാറിലെ ജനങ്ങള്‍ക്ക് നീതി നല്‍കാന്‍ ബിജെപിക്ക് മാത്രമേ സാധിക്കുള്ള എന്ന തരത്തില്‍ കാര്യങ്ങള്‍ ചിത്രീകരിക്കുകയാണ്. ഇത് ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടുള്ള ബിജെപിയുടെ നാടകമാണെന്നും, അദ്ദേഹം പറഞ്ഞു.

സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദങ്ങളിലെ അതിരുവിട്ട ആരോപണങ്ങളുമായി നടി കങ്കണ റണാവത്ത് രംഗത്തെത്തിയതും നടിക്ക് സുരക്ഷയൊരുക്കി കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തിയ സാഹചര്യവും നിലനില്‍ക്കെയാണ് കോണ്‍ഗ്രസ് ലോക്സഭ കക്ഷി നേതാവ് വിഷയത്തില്‍ പ്രതികരണവുമായി രംഗത്തുവന്നിരിക്കുന്നത്.

കോണ്‍ഗ്രസിന്റെ മഹാരാഷ്ട്രയിലെ സഖ്യകക്ഷി ശിവസേനയുമായുള്ള കങ്കണയുടെ പോര് കെട്ടിടം പൊളിക്കലേക്കും നിയമയുദ്ധങ്ങളിലേക്ക് കടന്നിരിക്കുകയാണ്. അതേസമയം, ജിഡിപി തകര്‍ച്ചയില്‍ രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്കും നീങ്ങിയിരിക്കെ വിവാദ വിഷയങ്ങള്‍ ഉയര്‍ത്താനായാണ് സുശാന്തിന്റെ മരണം മനപ്പൂര്‍വ്വം വിവാദമാക്കുന്നതെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്.