തിരുവനന്തപുരം: കാരക്കോണം ത്രേസ്യാപുരത്ത് 51കാരിയുടെ മരണം കൊലപാതകമെന്ന് പൊലീസ്. ഭര്‍ത്താവ് 28കാരനായ അരുണ്‍ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. ശാഖയെ കൊലപ്പെടുത്തിയത് വിവാഹമോചനം നടക്കാത്തതിനാലെന്നും ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നെന്നും കാര്യസ്ഥന്‍ വെളിപ്പെടുത്തിയിരുന്നു. പ്രായവ്യത്യാസം അരുണിന് അപമാനമായി തോന്നിയിരുന്നുവെന്നും കാര്യസ്ഥന്‍ വിജയകുമാര്‍ പറയുന്നു. വിവാഹമോചനം വേണമെന്ന അരുണിന്റെ ആവശ്യം ശാഖ അംഗീകരിച്ചിരുന്നില്ല.

കൂടാതെ വിവാഹ ഫോട്ടോ പുറത്തു വിട്ടതും അരുണിനെ പ്രകോപിപ്പിച്ചിരുന്നു. ഇതുവരെ വിവാഹം രജിസ്റ്റര്‍ ചെയ്യാതിരുന്നതും വഴക്കിന് കാരണമായി. ഭര്‍ത്താവിന്റെ പെരുമാറ്റ ദൂഷ്യം മാറാന്‍ ശാഖ ഇന്നലെ വരെ വ്രതമെടുത്തിരുന്നതായും പറയുന്നുണ്ട്. കിടപ്പുരോഗിയായ അമ്മയും ഭര്‍ത്താവ് അരുണും മാത്രമാണ് വീട്ടില്‍ താമസിക്കുന്നത്.

ഇന്ന് രാവിലെ ഭാര്യ ഷോക്കേറ്റ് വീണു എന്നാണ് അരുണ്‍ അയല്‍വാസികളെ അറിയിച്ചത്. തുടര്‍ന്ന് ശാഖാ കുമാരിയെ അയല്‍വാസികള്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചു. കാരക്കോണം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. എന്നാല്‍ ആശുപത്രിയില്‍ എത്തുന്നതിന് നാല് മണിക്കൂര്‍ മുന്നെ തന്നെ ശാഖ മരിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇതോടെ അരുണ്‍ സംശയ നിഴലിലാവുകയായിരുന്നു.

ശാഖയുടെ മൂക്കില്‍ ഉണ്ടായിരുന്ന മുറിവും സംശയത്തിന് ആക്കം കൂട്ടി. ഇതേ തുടര്‍ന്ന് ഭര്‍ത്താവ് അരുണിനെ വെള്ളറട പൊലീസ് കസ്റ്റഡിയിലെടുത്തു. ശാഖ കുമാരിയും നെയ്യാറ്റിന്‍കര സ്വദേശി അരുണും തമ്മിലുള്ള വിവാഹം 2 മാസങ്ങള്‍ക്ക് മുന്‍പാണ് നടന്നത്. 28 വയസ്സാണ് അരുണിന്.