ബഗ്ദാദ്: ഇറാഖില്‍ ഐഎസിന്റെ വേരോട്ടത്തിനു ഒരു പരിധി വരെ തടയിട്ടെങ്കിലും അവര്‍ കാട്ടികൂട്ടിയ ക്രൂരതകള്‍ ഓരോന്നായി പുറത്തു വരികയാണ്. യസീദികൂട്ടക്കുരുതിയുടെ കഥകളാണ് പുറത്ത് വന്നത്. ഐഎസ് തീവ്രവാദികള്‍ യസീദികളെ കൂട്ടത്തോടെ കൊലപ്പെടുത്തി കുഴിച്ചു മൂടിയ ശവക്കല്ലറ കണ്ടെത്തി. 140 യസീദികളെ കുഴിച്ചു മൂടിയ ഭാഗമാണ് കഴിഞ്ഞ ദിവസം ഇറാഖ് പാരാമിലിറ്ററി സേന തുറന്നത്. യസീദികള്‍ കൂട്ടത്തോടെ പാര്‍പ്പക്കുന്ന പ്രവിശ്യയില്‍ നിന്നും ഏറെ അകലെയല്ലാതെയാണ് ശവപ്പറമ്പ് കണ്ടെത്തിയത്. മൃതദേഹങ്ങളില്‍ കുട്ടികളും സ്ത്രീകളും ഉള്‍പ്പെടുന്നു.
2014ല്‍ ഐഎസ് തീവ്രവാദികള്‍ ആയിരക്കണക്കിന് യസീദികളെയാണ് വംശഹത്യ നടത്തിയത്. സിന്‍ജാര്‍ പ്രവിശ്യകളില്‍നിന്നുമാണ് ഇവരെ തട്ടികൊണ്ടു പോയി ക്രൂരതകള്‍ക്ക് ഇരയാക്കുകയും പിന്നീട് കൊലപ്പെടുത്തുകയും ചെയ്തത്. സ്ത്രീകളെ ലൈംഗീകമായി പീഡിപ്പിക്കുകയും ചെയ്തു. ഇക്കാലയളവില്‍ തട്ടികൊണ്ടു പോയവരുടെ മൃതദേഹങ്ങളാണിതെന്നാണ് ഇറാഖ് സൈന്യത്തിന്റെ നിഗമനം. ദക്ഷിണ സിന്‍ജാറിലെ കാബൂസി ഗ്രാമത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കൊല്ലപ്പെട്ടവരില്‍ 20 സ്ത്രീകളും 40 കുട്ടികളും ഉള്‍പ്പെടുന്നതായി പാരാമിലിട്ടറി വക്താവ് ഷാഹീദ് ഷാദി പറഞ്ഞു.
സജീറ മേഖലയില്‍ നിന്നു 80 മൃതദേഹങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇവിടെ കണ്ടെത്തിയ മൃതദേഹങ്ങളില്‍ ഏറെയും യസീദികളുടേതാണെന്നും അദ്ദേഹം വ്യക്തമാക്കി. വര്‍ഷങ്ങളോളം ഐഎസ് നിയന്ത്രണത്തിലായിരുന്നു സിന്‍ജാര്‍ പ്രവിശ്യ. 2015ല്‍ യുഎസ് സഖ്യസേന നടത്തിയ സൈനിക നടപടികളില്‍ കുര്‍ദ്ദുകളും ഐഎസും ഇവിടെ നിന്നു പിന്‍വാങ്ങുകയായിരുന്നു. തുടര്‍ന്ന് ഇറാഖ് സൈന്യം മേഖലയുടെ നിയന്ത്രണം ഏറ്റെടുത്തു. ഐഎസ് നിയന്ത്രണത്തിലിരുന്ന സ്ഥലങ്ങളില്‍ സര്‍ക്കാരും സൈന്യവും നടത്തിയ തിരച്ചില്‍ വ്യാപകമായി ശവക്കുഴികളും കല്ലറകളും കണ്ടെത്തിയിരുന്നു. ഐഎസ് ക്രൂരതകളുടെ ശേഷിപ്പുകളായിരുന്നു ഇവയോരോന്നും.
കഴിഞ്ഞ മാസം 22ന് ഒട്ടേറെ യസീദികളെ കൊന്നു കുഴിച്ചു മൂടിയ ശവക്കുഴികള്‍ ഇറാഖ് സൈന്യം സിന്‍ജാര്‍ മേഖലകളില്‍ നിന്നു് കണ്ടെത്തിയിരുന്നു. 2015ന് ശേഷം നാല്‍പതോളം വന്‍ ശവക്കുഴികള്‍ കണ്ടെത്തിയതായി സിന്‍ജാര്‍ മേയര്‍ മാഹ്മ ഖാലില്‍ പറഞ്ഞു.
യസീദികളുടെ പ്രധാന കേന്ദ്രം ഇറാഖിലെ സിന്‍ജാര്‍ പ്രദേശമാണ്. ഐഎസ് ആദ്യം പിടിമുറുക്കിയത് സിന്‍ജാര്‍, ശിമ്ഗാല്‍ എന്നീ പ്രദേശങ്ങളായിരുന്നു. ഈ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു ഐഎസ് നരനായാട്ട് നടത്തിയത്. 2014 ഒക്‌ടോബറിലാണ് ഐഎസ് ക്രൂരതയ്ക്കിരയായ പതിനായിരക്കണക്കിന് യസീദികളെ കുറിച്ച വാര്‍ത്ത പാശ്ചാത്യ മാധ്യമങ്ങള്‍ വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചത്.