Connect with us

More

ദ്രാവിഡം ഭാരതം; ഒരു മല്‍സരവും തോല്‍ക്കാതെ ഇന്ത്യ ലോക ജേതാക്കള്‍

Published

on

വെല്ലിംഗ്ടണ്‍: മൂന്നാഴ്ച്ച മുമ്പ് ഇന്ത്യ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചത് 100 റണ്‍സിനായിരുന്നു. ഇന്നലെ എട്ട് വിക്കറ്റിനും ജയിച്ചു. തുടര്‍ച്ചയായി രണ്ട് മല്‍സരങ്ങളില്‍ ഓസ്‌ട്രേലിയയെ പോലെ ശക്തരായ പ്രതിയോഗികളെ ആധികാരികമായി തോല്‍പ്പിക്കുക വഴി ഇന്ത്യന്‍ അണ്ടര്‍ 19 സംഘം ക്രിക്കറ്റ് ചരിത്രത്തിലാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. കലാശപ്പോരാട്ടത്തില്‍ 216 റണ്‍സാണ് ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയക്കാര്‍ നേടിയത്. ഈ സ്‌ക്കോര്‍ ഇന്ത്യക്ക് മരുന്ന് പോലുമായിരുന്നില്ല. 67 പന്തുകള്‍ ബാക്കി നില്‍ക്കെ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി പ്രിഥി ഷായും സംഘവും അജ്ജയ്യരായി.

ബൗളിംഗ് പ്രഭയില്‍ ചാമ്പ്യന്‍ഷിപ്പില്‍ ശക്തരായി മുന്നേറിയ ഇന്ത്യന്‍ പന്തേറുകാര്‍ക്ക് മുന്നില്‍ ഒരിക്കല്‍ കൂടി ഓസീസ് നിഷ്പ്രഭമായി. 76 റണ്‍സ് നേടിയ മെര്‍ലോ മാത്രമാണ് പൊരുതി നിന്നത്. ബാക്കിയെല്ലാവരും അതിവേഗത്തില്‍ പുറത്തായി. ടീമിന്റെ ബാറ്റിംഗ് നട്ടെല്ലായ ഓപ്പണര്‍ എഡ്വാര്‍ഡ്‌സ് ഒരു മണിക്കൂറോളം ക്രീസില്‍ നിന്നു. ഇന്ത്യന്‍ നിരയിലെ അതിവേഗക്കാരായ പോറലിനെയും ശിവം മേവിയെയും ഭയത്തോടെ നേരിട്ട ഓപ്പണര്‍മാര്‍ താളം കണ്ടെത്താന്‍ പ്രയാസപ്പെട്ടപ്പോള്‍ 32 ല്‍ ആദ്യ വിക്കറ്റ് നിലം പതിച്ചു. ബ്രയന്‍ഡിനെ പോറല്‍ തിരിച്ചയച്ചു. പത്താം ഓവറില്‍ എഡ്‌വാര്‍ഡ്‌സും മടങ്ങി. പക്ഷേ മൂന്നാം വിക്കറ്റില്‍ മെര്‍ലോയും ഉപ്പലും പൊരുതി നിന്നെങ്കിലും റണ്‍റേറ്റ് മോശമായിരുന്നു. ശിവ് സിംഗും നാഗര്‍ക്കോട്ടിയും ബൗളിംഗ് ഏറ്റെടെുത്ത സമയമായിരുന്നു ഇത്. റണ്‍നിരക്ക് ഉയര്‍ത്താനുള്ള ശ്രമത്തില്‍ ഉപ്പല്‍ മടങ്ങിയതോടെ കൂട്ടത്തകര്‍ച്ചയായി. 47.2 ഓവറില്‍ 216ന് എല്ലാവരും പുറത്തായപ്പോള്‍ ഇന്ത്യന്‍ ബൗളര്‍മാരില്‍ പോറല്‍, ശിവ്‌സിംഗ്, നാഗര്‍ക്കോട്ടി, അങ്കിത് റോയ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി. ചാറ്റല്‍ മഴയുടെ അകമ്പടിയിലാണ് ഇന്ത്യ മറുപടി ആരംഭിച്ചത്. ഇന്ത്യന്‍ ഇന്നിംഗ്‌സിന് നാല് ഓവര്‍ പ്രായമായപ്പോള്‍ മഴ കാരണം ഇടക്ക് കളിയും നിര്‍ത്തി. പക്ഷേ നാലായിരത്തോളം വരുന്ന ഇന്ത്യന്‍ ആരാധകരുടെ ആവേശം അപ്പോഴും തണുത്തിരുന്നില്ല.

 

കളി പുനരാരംഭിച്ചപ്പോള്‍ കാണികളുടെ നിറഞ്ഞ പിന്തുണയില്‍ പ്രിഥിയും കല്‍റയും ആക്രമിച്ച് കളിച്ചു. 2012 ലെ ലോകകപ്പ് ഫൈനലില്‍ ഉന്‍മുക്ത് ചന്ദിന്റെ ഇന്ത്യ ഫൈനലില്‍ ഓസ്‌ട്രേലിയയെയായിരുന്നു നേരിട്ടത്. അന്ന് 226 റണ്‍സായിരുന്നു ഇന്ത്യ ചേസ് ചെയ്തത്. ഉന്‍മുക്തിന്റെ സെഞ്ച്വറി മികവിലായിരുന്നു ആ കിരീട നേട്ടമെങ്കില്‍ അതേ റോളിലായിരുന്നു മന്‍ജോത് കല്‍റ. ജാക് എഡ്‌വാര്‍ഡ്‌സിന്റെ ഒരോവറില്‍ മൂന്ന് തവണയാണ് കൂളായി കല്‍റ പന്ത് അതിര്‍ത്തി കടത്തിയത്. ടീം സ്‌ക്കോര്‍ 71 ല്‍ എത്തിയപ്പോള്‍ നായകന്‍ പ്രിഥി പുറത്തായത് മാത്രമായിരുന്നു ഓസീസ് ക്യാമ്പിന് ആശ്വാസമായത്. സതര്‍ലാന്‍ഡിന്റെ ടേണ്‍ ചെയ്ത പന്ത് ഇന്ത്യന്‍ നായകന്റെ പ്രതിരോധം ഭേദിച്ചു. തുടര്‍ച്ചയായി ആറ് മല്‍സരങ്ങളില്‍ അര്‍ധശതകം നേടിയ ശുഭ്മാന്‍ ഗില്‍ തന്റെ ഫോം ആവര്‍ത്തിച്ച് തെളിയിച്ചു. വന്നയുടന്‍ തന്നെ സുന്ദരമായ ഷോട്ടുകള്‍. അതിനിടെ 47 പന്തില്‍ നിന്ന് കല്‍റയുടെ അര്‍ധ സെഞ്ച്വറിയെത്തി. പതിവ് ശാന്തത വിട്ട് ഗില്‍ കൂറ്റനടിക്ക് ശ്രമിച്ച് പുറത്തായത് പോലും ഇന്ത്യന്‍ ക്യാമ്പിനെ ബാധിച്ചില്ല. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഹാര്‍വിക് ദേശായിയെ സാക്ഷി നിര്‍ത്തി കൂറ്റനടികളുമായി കല്‍റ സെഞ്ച്വറിയിലെത്തി.

ഇന്ത്യന്‍ ജയമോ, കല്‍റയുടെ സെഞ്ച്വറിയോ ആദ്യമെത്തുക എന്ന തോന്നല്‍ ഇടക്കുണ്ടായി. ഹാര്‍വിക് പക്ഷേ കൂട്ടുകാരന്റെ സെഞ്ച്വറിക്കായി കൂറ്റനടികള്‍ക്ക് മുതിര്‍ന്നില്ല. 38.5 ഓവറില്‍ വിജയവും കപ്പുമെത്തി. കല്‍റയാണ് കളിയിലെ കേമന്‍. ഗില്‍ ചാമ്പ്യന്‍ഷിപ്പിലെ കേമനും.

ആഘോഷം അടിപൊളി

വെല്ലിംഗ്ടണ്‍: ഒരു മാസത്തോളമായി ഇന്ത്യന്‍ താരങ്ങള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാറില്ല. പാര്‍ട്ടികളില്‍ പങ്കെടുക്കാറില്ല. അനാവശ്യമായി ഹോട്ടലിന് പുറത്തിറങ്ങാറുമില്ല. ഇതെല്ലാം കോച്ച് രാഹുല്‍ ദ്രാവിഡ് നിരോധിച്ചിരുന്നു. കാര്‍ക്കശ്യത്തിന്റെ പേരിലായിരുന്നില്ല ഇതെല്ലാം. സമ്മര്‍ദ്ദം ഒഴിവാക്കുക എന്ന ഗെയിം പ്ലാനിന്റെ ഭാഗമായി. ഫോണില്‍ സംസാരിക്കുമ്പോള്‍ താരങ്ങളില്‍ സമ്മര്‍ദ്ദമുണ്ടാവും. പാര്‍ട്ടികളില്‍ പങ്കെടുത്താല്‍ അപരിചിതരുമായി സമയം ചെലവഴിക്കേണ്ടി വരും. പന്തയം ഉള്‍പ്പെടെയുളള പുലിവാലുകള്‍ ധാരാളമുള്ളതിനാല്‍ അതെല്ലാം വേണ്ടെന്ന് വെച്ചു. ജയിച്ച ശേഷം എല്ലാവരോടും കോച്ച് പറഞ്ഞു-എന്‍ജോയ്….!

 

കപ്പുറപ്പിച്ച ഘട്ടത്തില്‍ കണ്ടത് താരങ്ങളുടെ മിതമറന്ന സന്തോഷം. വിജയ റണ്‍ നേടുന്നതിന് മുമ്പ് തന്നെ എല്ലാവരും ബൗണ്ടറി ലൈനിലെത്തി. വിജയം പിറന്ന ഘട്ടത്തില്‍ മൈതാനത്തേക്ക് കുതിച്ചോടി. പിന്നെ സ്റ്റംമ്പ് എടുക്കുന്നു. കല്‍റയെയും ഹാര്‍വിക്കിനെയും പൊതിയുന്നു. ഓസീസ് നായകന്‍ ഇതെല്ലാം കണ്ട് ചിരിച്ച് നില്‍പ്പുണ്ടായിരുന്നു. പിന്നെ മൈതാനം വലം വെച്ചു. ടെലിവിഷന്‍ ക്യാമറകള്‍ക്ക് മുന്നിലെത്തി എല്ലാവരും. കോച്ചിനെ തോളത്തേറ്റി ആഹ്ലാദം. കപ്പ് വാങ്ങിയത് അടിപൊളി സ്‌റ്റൈലിലായിരുന്നു. ആദ്യം ആക്ഷന്‍. പിന്നെ കപ്പ് വാങ്ങുന്നു.

 

kerala

വോട്ടിങ് മെഷിന്‍ പണിമുടക്കി; വോട്ടിങ് തുടങ്ങിയത് രണ്ടര മണിക്കൂര്‍ വൈകി

മോക്ക്‌പോള്‍ തുടങ്ങിയപ്പോള്‍തെന്നെ യന്ത്രം പണിമുടക്കിയിരുന്നു

Published

on

വടകര: മിത്തലങ്ങാടി ബൂത്തില്‍ വോട്ടിങ്ങ് യന്ത്രം കേടായതിനെ തുടര്‍ന്ന് വോട്ടിങ് തുടങ്ങിയത്് രണ്ടര മണിക്കുര്‍ വൈകിയെന്ന് പരാതി. മോക്ക്‌പോള്‍ തുടങ്ങിയപ്പോള്‍തെന്നെ യന്ത്രം പണിമുടക്കിയിരുന്നു.8:35 ഓടുകൂടി പുതിയ വോട്ടിങ് മെഷീന്‍ എത്തുകയും മോക്ക് പോള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. സ്ത്രീകളും കുട്ടികളും അടക്കമുള്ള നീണ്ട നിരയാണ് യന്ത്ര തകരാറുമൂലം ബുദ്ധിമുട്ടിലായത.്

Continue Reading

GULF

ദുബൈയിൽ വാഹനാപകടത്തിൽ മലയാളി മരണപ്പെട്ടു

വ്യാഴാഴ്ച രാത്രി ഉണ്ടായ അപകടത്തിൽ കൂട്ടിയിടിച്ച വാഹനങ്ങളുടെ ഇടയിൽ പെട്ട് തൽക്ഷണം മരിക്കുകയായിരുന്നു

Published

on

ദുബൈ: ദുബൈ അൽ ഖൈർ റോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മലയാളി യുവാവ് മരണപ്പെട്ടു. ഇടുക്കി തൊടുപുഴ സ്വദേശി തൊടുപുഴ കാഞ്ഞാർ പരേതനായ പൈമ്പിള്ളിൽ സലീമിന്റെ മകൻ ഷാമോൻ സലീം (29)
ആണ് മരണപ്പെട്ടത്.

വ്യാഴാഴ്ച രാത്രി ഉണ്ടായ അപകടത്തിൽ കൂട്ടിയിടിച്ച വാഹനങ്ങളുടെ ഇടയിൽ പെട്ട് തൽക്ഷണം മരിക്കുകയായിരുന്നു. 12 വർഷത്തിൽ അധികമായി ദുബൈയിൽ ബിസിനസ് നടത്തി വരികയായിരുന്നു.

നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ എത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. കുടയത്തൂർ ജുമാമസ്ജിദിൽ ഖബറടക്കം നടക്കും.ഹഫ്സയാണ് മാതാവ്.
സഹോദരി ബീമ.

Continue Reading

kerala

മോദി-പിണറായി ഭരണത്തിനെതിരെയുള്ള താക്കീതും തിരിച്ചടിയുമാവും ജനവിധിയെന്ന് രമേശ് ചെന്നിത്തല

ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട് ചെന്നിത്തല പറഞ്ഞു

Published

on

തിരുവനന്തപുരം: പതിനെട്ടാം ലോക്‌സഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ദിവസമായ നാളെ കേരളത്തിലെ വോട്ടര്‍മാര്‍ക്ക് ചരിത്രപരമായ കടമയാണു നിര്‍വഹിക്കാനുള്ളതെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട്.

മതേതര ജനാധിപത്യ കക്ഷികളുടെ കൂട്ടായ്മയായ ഇന്ത്യാ സഖ്യം ഈ ദൗത്യം ഏറ്റെടുക്കുമെന്ന ഉറപ്പാണ് ജനങ്ങള്‍ക്കു നല്‍കുന്നത്. അതിനു നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് വോട്ടര്‍മാര്‍ വിവേകപൂര്‍വം തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ ഭരണഘടന തന്നെ അസാധുവാക്കപ്പെടും. മതാധിഷ്ഠിതമായ പുതിയ ഭരണഘടനാണ് ബി.ജെ.പിയും സംഘപരിവാര സംഘങ്ങളും വിഭാവന ചെയ്യുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന മതവിദ്വേഷ പ്രസംഗങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും ചെന്നിത്തല ഓര്‍മിപ്പിച്ചു.

കേരളത്തില്‍ വോട്ടെടുപ്പ് അട്ടിമറിക്കാനുള്ള പല നീക്കങ്ങളും നടക്കുന്നുണ്ട്. ജനഹിതം എതിരാവുമെന്ന ആശങ്കയില്‍ ജനങ്ങളെ ഭയപ്പെടുത്തി വോട്ടെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ശ്രമം നടക്കുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ സി.ആര്‍ മഹേഷ് എം.എല്‍.എ അടക്കമുള്ള യു.ഡി.എഫ് പ്രവര്‍ത്തകരെ ആക്രമിച്ചു പരുക്കേല്പിച്ച നടപടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ഭരണ വിരുദ്ധ തരംഗമാണ് കേരളത്തില്‍ അലയടിക്കുന്നത്. അതില്‍ വിറളി പൂണ്ടാണ് ബി.ജെ.പിയും സി.പി.എമ്മും അക്രമം അഴിച്ചു വിടുന്നത്. പക്ഷേ, അതുകൊണ്ടൊന്നും വോട്ടര്‍മാര്‍ പിന്മാറില്ല. റെക്കോഡ് പോളിം?ഗ് ആവും ഇന്ന് കേരളത്തില്‍ നടക്കുക. സമസസ്ത മേഖലകളിലും വന്‍ പരാജയമായ മോദി-പിണറായി ഭരണ കൂടങ്ങള്‍ക്കെതിരേ നല്‍കുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി. സംസ്ഥാനത്തെ 20ല്‍ 20 സീറ്റും യുഡിഎഫ് നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Continue Reading

Trending