ക്വീണ്‍സ്ടൗണ്‍: അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍ ബംഗ്ലാദേശിനെ പരാജയപ്പെടുത്തി ഇന്ത്യ സെമിഫൈനലില്‍ പ്രവേശിച്ചു. ക്വാര്‍ട്ടര്‍ ഫൈനലില്‍ ബംഗ്ലാദേശിനെതിരെ 131 റണ്‍സിന്റെ വന്‍ ജയമാണ് ഇന്ത്യയുടെ ചുണക്കുട്ടികള്‍ നേടിയത്. നേരത്തെ സെമിയില്‍ കടന്ന പാക്കിസ്താനാണ് ഇന്ത്യയുടെ എതിരാളികള്‍.


ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ 265 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാദേശിനെ 134 റണ്‍സിന് ഇന്ത്യ കൂടാരം കയറ്റുകയായിരുന്നു. ഇന്ത്യയ്ക്കായി കമലേഷ് നാഗര്‍കൊട്ടി 3 വിക്കറ്റും ശിവം മാവി, അഭിഷേക് ശര്‍മ്മ എന്നിവര്‍ 2 വിക്കറ്റ് വീതവും വീഴ്ത്തി.

ബാറ്റിങില്‍ ഇന്ത്യക്കായി സുബ്മാന്‍ ഗില്ലില്‍ (86), അഭിഷേക് ശര്‍മ (50), ക്യാപ്റ്റന്‍ പൃഥ്വി ഷാ(40) എന്നിവര്‍ നടത്തിയ മികച്ച പ്രകടനമാണ് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 43 റണ്‍സെടുത്ത പിനക് ഘോഷ് ആണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. ജനുവരി 30 നാണ് ഇന്ത്യപാക്കിസ്ഥാന്‍ സെമിഫൈനല്‍ പോരാട്ടം.