ജൊഹന്നാസ്ബര്‍ഗ്ഗ്: രണ്ട് ദിവസം കൊണ്ട് വാണ്ടറേഴ്‌സില്‍ വീണിരിക്കുന്നത് 21 വിക്കറ്റുകള്‍-പിറന്നതാവട്ടെ 430 റണ്‍സും. അതിവേഗ ബൗളര്‍മാരുടെ മേച്ചില്‍പ്പുറമായിരിക്കുന്ന പച്ച ട്രാക്കില്‍ മൂന്നാം ടെസ്റ്റ് അഞ്ച് ദീവസം ദീര്‍ഘിക്കില്ല എന്നുറപ്പ്. രണ്ട് നാള്‍ പിന്നിടുമ്പോഴേക്കും പോരാട്ടം ബലാബലത്തില്‍ നില്‍ക്കുന്നു. ആദ്യ ദിവസം മേല്‍കൈ ദക്ഷിണാഫ്രിക്കക്ക് സമ്മാനിച്ചത് ഇന്ത്യയാണെങ്കില്‍ രണ്ടാം ദിവസത്തിലെ മുന്‍ത്തൂക്കം ഇന്ത്യ സ്വയം നേടി. ആതിഥേയരുടെ ഒന്നാം ഇന്നിംഗ്‌സ് 194 ല്‍ അവസാനിപ്പിച്ച് അവരുടെ ലീഡ് കേവലം ഏഴില്‍ നിയന്ത്രിച്ചതിന് ശേഷം രണ്ടാം ഇന്നിംഗ്‌സ് തുടങ്ങി ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 49 റണ്‍സും നേടിയിരിക്കുന്നു. ഇപ്പോള്‍ 42 റണ്‍സിന്റെ നിര്‍ണായക ലീഡ് ഇന്ത്യക്കുണ്ട്. ഇന്ന് മൂന്നാം ദിവസമാണ്- നന്നായി ബാറ്റേന്തി ലീഡ് 200 കടത്തിയാല്‍ വ്യക്തമായ ജയസാധ്യതയും ടീമിനുണ്ട്. കാരണം അവസാന ദിവസങ്ങളില്‍ വാണ്ടറേഴ്‌സില്‍ ബാറ്റിംഗ് അതീവദുഷ്‌കരമാണ്.
ജസ്പ്രീത് ബുംറയായിരുന്നു രണ്ടാം ദിനത്തിലെ ഇന്ത്യന്‍ ഹീറോ. കരിയറിലെ ആദ്യ അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയ ബുംറയുടെ വേഗതയില്‍ മധ്യനിരക്കാര്‍ കീഴടങ്ങിയപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്‌സ് 194 ല്‍ അവസാനിച്ചു. 44 റണ്‍സ് മാത്രം നല്‍കി മൂന്ന് വിക്കറ്റ് നേടിയ ഭുവനേശ്വറും ഉജ്ജ്വല പ്രകടനം നടത്തി. രണ്ടാം ടെസ്റ്റിനുളള സംഘത്തില്‍ നിന്നും തന്നെ തഴഞ്ഞ ടീം മാനേജ്‌മെന്റിന് മുന്നിലാണ് എബി ഡി വില്ലിയേഴ്‌സിന്റെ മിഡില്‍ സ്റ്റംമ്പ് സുന്ദരമായ ഇന്‍സ്വിംഗിറില്‍ തകര്‍ത്ത് ഭുവി കരുത്ത് കാട്ടിയത്.
ഹാഷിം അംല മാത്രമാണ് ആഫ്രിക്കന്‍ നിരയില്‍ പൊരുതിനിന്നത്. 239 മിനുട്ട് ക്രീസില്‍ നിന്ന അംല 121 പന്തുകള്‍ നേരിട്ടു. പിച്ചിനെ അറിഞ്ഞ് ക്ഷമയോടെ കളിച്ച മുന്‍നിരക്കാരന്‍ ബുംറയുടെ പന്തില്‍ ഹാര്‍ദിക്കിന് ക്യാച്ച് നല്‍കി ഏഴാമനായി മടങ്ങുന്നതിന് മുമ്പ് 61 റണ്‍സ് നേടിയിരുന്നു. നായകന്‍ ഡുപ്ലസി, വിക്കറ്റ് കീപ്പര്‍ ബ്രെന്‍ഡന്‍ ഡി കോക്ക് എന്നിവരും ബുറയുടെ വേഗത അറിഞ്ഞപ്പോള്‍ വാലറ്റക്കാരില്‍ ഫിലാന്‍ഡര്‍ 35 റണ്‍സുമായി പൊരുതി നിന്നു. ഒടുവില്‍ മുഹമ്മദ് ഷമിക്ക് മുന്നില്‍ ഫിലാന്‍ഡര്‍ വീണതോടെയാണ് ഇന്നിംഗ്‌സ് അവസാനിച്ചത്.മറുപടി ബാറ്റിംഗില്‍ മുരളി വിജയിനൊപ്പം ഇന്നിംഗ്‌സ് തുടങ്ങാനെത്തിയത് പാര്‍ത്ഥീവ് പട്ടേലായിരുന്നു. മൂന്ന് ബൗണ്ടറികള്‍ പായിച്ച് പാര്‍ത്ഥീവ് ഫോമിലേക്കയുരുന്നതിന്റെ സൂചനയും നല്‍കി. പക്ഷേ ഫിലാന്‍ഡറുടെ കുത്തിതിരിഞ്ഞ പന്ത് പാര്‍ത്ഥീവിനെ വീഴ്ത്തി. മുരളി വിജയ് (13), കെ.എല്‍ രാഹുല്‍ (16) എന്നിവര്‍ ക്രീസിലുണ്ട്.
ഇന്നത്തെ ദിവസം പിടിച്ചുനില്‍ക്കുക എന്നതാണ് ഇന്ത്യക്ക് പ്രധാനം. പക്ഷേ പിച്ച് അപ്രവചനീയമാണ്. പന്ത് മിന്നല്‍ വേഗതയില്‍ ടേണ്‍ ചെയ്യുന്ന സാഹചര്യത്തില്‍ മല്‍സരം ഇന്ന് തന്നെ അവസാനിച്ചാലും അല്‍ഭുതപ്പെടാനില്ല