യാങ്കൂണ്‍: റോഹിന്‍ഗ്യ പ്രശ്‌നം പഠിച്ച് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ മ്യാന്മര്‍ നേതാവ് ആങ് സാന്‍ സൂകി നിയോഗിച്ച അന്താരാഷ്ട്രസംഘത്തില്‍നിന്ന് പ്രമുഖ യു.എസ് നയതന്ത്രജ്ഞന്‍ ബില്‍ റിച്ചാര്‍ഡ്‌സണ്‍ രാജിവെച്ചു. സൂകിയുടെ അന്താരാഷ്ട്ര പാനല്‍ വെള്ളപൂശല്‍ മാത്രമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ദീര്‍ഘകാല സുഹൃത്തായ സൂകിക്ക് ധാര്‍മിക നേതൃത്വം ഇല്ലെന്നും റിച്ചാര്‍ഡ്‌സണ്‍ പറഞ്ഞു.
റാഖൈന്‍ സ്റ്റേറ്റില്‍ ആയിരക്കണക്കിന് റോഹിന്‍ഗ്യ മുസ്‌ലിംകള്‍ കൊല്ലപ്പെടുകയും ആറര ലക്ഷത്തിലേറെ പേര്‍ അഭയാര്‍ത്ഥികളാവുകയും ചെയ്ത സൈനിക നടപടിയെ സൂകി ന്യായീകരിച്ചത് അന്താരാഷ്ട്ര സമൂഹത്തെ ചൊടിപ്പിച്ചിട്ടുണ്ട്. മ്യാന്മറില്‍ വിചാരണ നേരിടുന്ന രണ്ട് റോയിട്ടേഴ്‌സ് ലേഖകരുടെ കാര്യം ഉന്നയിച്ചപ്പോള്‍ സൂകി ക്ഷുഭിതയായെന്ന് റിച്ചാര്‍ഡ്‌സണ്‍ വെളിപ്പെടുത്തി. സൂകി നിയോഗിച്ച അന്താരാഷ്ട്ര പാനല്‍ വെള്ളപൂശല്‍ മാത്രമാണ്. അത്തരമൊരു സംഘത്തിന്റെ ഭാഗമാകാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. റോഹിന്‍ഗ്യ മുസ്്‌ലിംകളുടെ മര്‍മ്മ പ്രധാനമായ പൗരത്വം വിഷയം സത്യസന്ധമായല്ല മ്യാന്മര്‍ ഭരണകൂടം കൈകാര്യം ചെയ്യുന്നതെന്നും റിച്ചാര്‍ഡ്‌സണ്‍ ആരോപിച്ചു.
തിങ്കളാഴ്ച സൂകിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം റോയിട്ടേഴ്‌സ് ലേഖകന്‍മാരുടെ വിഷയം ഉന്നയിച്ചത്. റോഹിന്‍ഗ്യ പ്രതിസന്ധി റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ഇവരെ മ്യാന്മര്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കസ്റ്റഡിയിലുള്ള മാധ്യമപ്രവര്‍ത്തകരുടെ പേരു കേട്ടപ്പോള്‍ തന്നെ സൂകി പൊട്ടിത്തെറിച്ചുവെന്ന് റിച്ചാര്‍ഡ്‌സണ്‍ ന്യൂയോര്‍ക്ക് ടൈംസിനോട് പറഞ്ഞു. ‘സൂകിയുടെ മുഖം വിറക്കുന്നുണ്ടായിരുന്നു. അവര്‍ കുറച്ചുകൂടി അടുത്തായിരുന്നെങ്കില്‍ അവര്‍ എന്നെ ഇടിക്കുമായിരുന്നു. അത്രമാത്രം ക്ഷുഭിതയായിരുന്നു അവര്‍’-അദ്ദേഹം പറഞ്ഞു. മുന്‍ യു.എസ് പ്രസിഡന്റ് ബില്‍ ക്ലിന്റന്റെ ഉപദേഷ്ടാവായിരുന്ന റിച്ചാര്‍ഡ്‌സന്‍ സൂകിയുടെ ഉറ്റസുഹൃത്താണ്. വര്‍ഷങ്ങളായി സൂകിക്ക് സുപരിചിതനാണ് അദ്ദേഹം. 1990കളില്‍ വീട്ടുതടങ്കലില്‍ കഴിയുമ്പോഴും റിച്ചാര്‍ഡ്‌സണ്‍ നിരവധി തവണ സൂകിയെ സന്ദര്‍ശിച്ചിട്ടുണ്ട്. വംശഹത്യയുടെ പാഠപുസ്തക ഉദാഹരണമെന്ന് ഐക്യരാഷ്ട്രസഭ വിശേഷിപ്പിച്ച സൈനിക നടപടിക്കുശേഷം മ്യാന്മര്‍ ഭരണകൂടം അന്താരാഷ്ട്ര സമൂഹത്തില്‍ ഒറ്റപ്പെട്ടിരിക്കുകയാണ്. റോഹിന്‍ഗ്യ മുസ്്‌ലിംകളെ പൗരന്മാരായി കാണാന്‍ മ്യാന്മര്‍ തയാറല്ല. ബംഗ്ലാദേശില്‍നിന്നുള്ള അനധികൃത കുടിയേറ്റക്കാരായാണ് അവരെ മ്യാന്മര്‍ കാണുന്നത്.