സുബൈര്‍ വള്ളിക്കാട്

ഷാര്‍ജ: യു.എ.ഇയില്‍ ഇന്ത്യക്കാര്‍ക്ക് തൊഴില്‍ വിസ ലഭിക്കാനുള്ള പുതിയ നിബന്ധനകള്‍ നിലവില്‍ വന്നു. കമ്പനികള്‍ക്ക് പാസാകുന്ന തൊഴില്‍ വിസകള്‍ തിരുവനന്തപുരം, ഡല്‍ഹി എന്നിവിടങ്ങളിലെ യു.എ.ഇ നയതന്ത്ര കാര്യാലയങ്ങളില്‍ നിന്ന് തൊഴിലാളി നേരിട്ട് സ്വീകരിക്കണമെന്നതാണ് പുതിയ വ്യവസ്ഥ.  യു.എ.ഇയില്‍ ഇന്ത്യക്കാര്‍ക്ക് തൊഴില്‍ വിസക്ക് അപേക്ഷിച്ചാല്‍ ലേബര്‍ വകുപ്പില്‍ നിന്നും വിസ പാസായതിന്റെ കംമ്പ്യൂട്ടര്‍ പകര്‍പ്പ് ലഭിക്കുകയും ആ പകര്‍പ്പ് സഹിതം തൊഴിലാളി ഒറിജിനല്‍ പാസ്‌പോര്‍ട്ട്, രണ്ട് ഫോട്ടോ എന്നിവയുമായാണ് യു.എ.ഇ കോണ്‍സുലേറ്റിലോ എംബസിയിലോ എത്തേണ്ടത്.

ഒപ്പം, നാട്ടില്‍ നിന്ന് തന്നെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും കരസ്ഥമാക്കണം. മെഡിക്കല്‍ പരിശോധനക്ക് 3,600 രൂപയാണ് ഫീസ്. ഈ രേഖകളും 10,000 രൂപ ഫീസും യു.എ.ഇ നയതന്ത്ര ഓഫീസില്‍ അടക്കണമെന്നുമാണ് പുതിയ വ്യവസ്ഥ. ഇതിന്റെ കൂടെ തൊഴിലാളിയുടെ വിരലടയാളവും നല്‍കിയാല്‍ രണ്ട് ദിവസത്തിനകം രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതിന്റെ സന്ദേശം കിട്ടുമെന്നും ഇങ്ങനെ വിസ ലഭിച്ചാല്‍ യു.എ.ഇ യിലേക്ക് വരാന്‍ കഴിയുമെന്നതാണ് നിബന്ധനകള്‍.

കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നീ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് തിരുവനന്തപുരത്തെയും മറ്റ് സംസ്ഥാനത്ത് നിന്നുള്ള തൊഴിലാളികള്‍ക്ക് ഡല്‍ഹിലെയും യു.എ.ഇ നയതന്ത്ര കാര്യാലയങ്ങളില്‍ ഈ സേവനം ലഭ്യമാണന്ന് ഷാര്‍ജയിലെ ടൈപ്പിംഗ് ആന്റ് മാനേജ്‌മെന്റ് കണ്‍സള്‍ട്ടിംഗ് സെന്റര്‍ പ്രതിനിധി ശിഹാബ് കേളോത്ത് പറഞ്ഞു. ഇന്ത്യോനേഷ്യ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് തൊഴില്‍ വിസ ലഭിക്കാന്‍ ഈ വ്യവസ്ഥ നിലവിലുണ്ട്. പുറേെമയാണ് യു.എ.ഇയില്‍ തൊഴില്‍ വിസ ലഭിക്കാന്‍ ഇന്ത്യക്കാര്‍ക്കും ഇതേ നിബന്ധനകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

അതേസമയം, വിസിറ്റ് വിസയിലോ മറ്റോ യു.എ.ഇയില്‍ താമസിക്കുന്നയാള്‍ക്ക് തൊഴില്‍ വിസയിലേക്ക് മാറാന്‍ ഈ നിബന്ധനകള്‍ ബാധകമല്ലന്നും ടൈപ്പിംഗ് സെന്റര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. പുതിയ നിബന്ധനകളും മാറ്റങ്ങളും യു.എ.ഇയിലെ പല കമ്പനി പ്രതിനിധികളും അറിഞ്ഞിട്ടില്ല. എന്നാല്‍, തൊഴില്‍ വിസ ലഭിക്കുന്നതിലെ പുതിയ രീതി പലരെയും പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. പുതിയ നിബന്ധനകള്‍ അനുസരിച്ച് വിസ ലഭ്യമാക്കാന്‍ ഏജന്റിനോ മറ്റോ കഴിയില്ല. തൊഴിലാളി തന്നെ നേരിട്ട് നയതന്ത്ര ഓഫീസുകളില്‍ എത്തണമെന്നത് നിര്‍ബന്ധമാണ്.

ഇങ്ങനെ യു.എ.ഇയിലെത്തുന്ന ഇന്ത്യന്‍ തൊഴിലാളി മെഡിക്കല്‍ പരിശോധന, ലേബര്‍ കാര്‍ഡ്, ഇന്‍ഷുറന്‍സ്, എമിറേറ്റ്‌സ് ഐ.ഡി, വിസാ സ്റ്റാമ്പിംഗ് തുടങ്ങിയ കാര്യങ്ങളല്ലാം സാധാരണ പോലെ ചെയ്യുകയും വേണം. ഇന്ത്യയിലെ സാഹചര്യമനുസരിച്ച് ഇത്തരത്തില്‍ വിസ കരസ്ഥമാക്കല്‍ പ്രയാസപ്പെടുത്തുന്നതാണന്നാണ് പൊതുവെയുള്ള അഭിപ്രായം. മാത്രവുമല്ല, ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് പ്രവര്‍ത്തിക്കുന്ന വെറും രണ്ട് നയതന്ത്ര കാര്യാലയങ്ങളില്‍ അനുഭവപ്പെടുന്ന തിരക്കും വിസാ അപേക്ഷ നല്‍കിയതിന് ശേഷം മൂന്നും നാലും ദിവസം അവിടെ തങ്ങേണ്ടി വരുന്നതുമാണ് പുതിയ തൊഴില്‍ വിസ കാത്ത് കഴിയുന്നവരെ ആശങ്കപ്പെടുത്തുന്നത്.