അബുദാബി: അനധികൃതമായി വിവിധ വസ്തുക്കള്‍ വിറ്റഴിക്കാന്‍ ഉപയോഗിച്ച 51 വാഹനങ്ങള്‍ അബുദാബി നഗരസഭാ ഉദ്യോഗസ്ഥര്‍ പിടികൂടി. അബുദാബി പോലീസ്, സാമ്പത്തിക കാര്യവിഭാഗം,റെഡ് ക്രസ്സന്റ് സൊസൈറ്റി എന്നിവയുടെ സഹരകരണത്തോടെ കഴിഞ്ഞ വര്‍ഷം നടത്തിയ പരിശോധനയിലാണ് വാഹനങ്ങളും വിറ്റഴിക്കാന്‍ ശ്രമിച്ച വസ്തുക്കളും പിടികൂടിയത്.
931 പേര്‍ക്ക് പിഴ ചുമത്തുകയും നിരവധി കേസ്സുകള്‍ കോടതിയിലേക്ക് മാറ്റുകയും ചെയ്തു.

അബുദാബി നഗരത്തിനുപുറമെ സീഹ് അല്‍ ശുഐബ്,അജ്ബാന്‍,സംഹ,ട്രക്ക് റോഡ്,മുസഫ,അല്‍വത്ബ എന്നിവിടങ്ങളില്‍ നിന്നാണ് പ്രധാനമായും വഴിവാണിഭക്കാരെ പിടികൂടിയതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇതില്‍ പ്രധാനമായും വിവിധ റോഡുകളില്‍ പഴ വര്‍ഗ്ഗങ്ങള്‍ വില്‍പ്പന നടത്തുന്ന വാഹനങ്ങളാണ് പിടികൂടിയിട്ടുള്ളത്. ദീര്‍ഘദൂര പാതയോരങ്ങളിലും മറ്റും അനധി കൃതമായി ഇത്തരത്തില്‍ കച്ചവടം ചെയ്യുന്നവരെ പിടികൂടുന്നതിന് പ്രത്യേക പരിശോധന നടന്നുകൊണ്ടിരിക്കുന്നുണ്ട്. ഇത്തരത്തില്‍ വില്‍ക്കപ്പെടുന്ന ഭക്ഷ്യവസ്തുക്കള്‍ ഗുണനിലവാരമില്ലാത്തതാണെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.