ദുബൈ: ഐക്യ രാഷ്ട്ര സഭയുടെ 2017ലെ വനിതാ എക്‌സിക്യൂട്ടീവ് ബോര്‍ഡ് പ്രസിഡന്റായി യുഎന്നിലെ യുഎഇയുടെ സ്ഥിരം പ്രതിനിധിയും അംബാസഡറുമായ ലാനാ നുസൈബ തെരഞ്ഞെടുക്കപ്പെട്ടു. യുഎന്നിലെ ഏഷ്യാ-പസഫിക് ഗ്രൂപ്പിനെയാണ് നുസൈബ പ്രതിനിധീകരിക്കുക. മുന്‍ പ്രസിഡന്റും തുനീഷ്യയുടെ സ്ഥിരം പ്രതിനിധിയുമായ അംബാസഡര്‍ മുഹമ്മദ് ഖാലിദ് ഖിറാറി, യുഎന്‍ വിമന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫൂംസിലേ മെല്ലാംബോനഗൂക്ക എന്നിവരോട് അവരുടെ നേതൃശേഷിയില്‍ നുസൈബ കൃതജ്ഞത പ്രകാശിപ്പിച്ചു.

യുഎഇ നടപ്പാക്കിയ ലിംഗനീതിയുടെയും സ്ത്രീ ശാക്തീകരണത്തിന്റെയും നേട്ടങ്ങളാണ് തന്റെ ഈ സ്ഥാനാരോഹണത്തിന് പ്രചോദനമായിട്ടുള്ളതെന്ന് നുസൈബ അഭിപ്രായപ്പെട്ടു. യുഎഇയെ സംബന്ധിച്ചിടത്തോളം ലിംഗനീതിക്ക് അതിപ്രധാനമായ സ്ഥാനമാണുള്ളതെന്നും അവര്‍ എടുത്തു പറഞ്ഞു. യുഎഇയുടെ ഭരണഘടന സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യ അവകാശങ്ങള്‍ വക വെച്ചു നല്‍കുന്നു. സമൂഹത്തിന്റെ തുല്യ പങ്കാളികളാണ് സ്ത്രീകളും പുരുഷന്മാരുമെന്ന് ഭരണഘടന അടിവരയിടുന്നുവെന്നും അവര്‍ വ്യക്തമാക്കി.

സ്ത്രീകളുടെ രാഷ്ട്രീയ ഭാഗധേയത്തിന് മുഖ്യ ശ്രദ്ധ നല്‍കുന്നതിനാലാണ് ഈ മുന്നേറ്റം സാധ്യമായതെന്നും ദേശീയ അസംബ്‌ളിയായ യുഎഇ ഫെഡറല്‍ നാഷണല്‍ കൗണ്‍സിലില്‍ ഇന്ന് 17.5 ശതമാനം പ്രാതിനിധ്യം സ്ത്രീകള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും അതിന്റെ സ്പീക്കര്‍ ഡോ. അമല്‍ അല്‍ ഖുബൈസിയാണെന്നും യുഎഇയിലും അറബ് ലോകത്തും ഈ സ്ഥാനത്തെത്തുന്ന പ്രഥമ വനിതയാണ് അമല്‍ അല്‍ ഖുബൈസിയെന്നും അവര്‍ പറഞ്ഞു.

യുഎഇ മന്ത്രിസഭയില്‍ 28 ശതമാനം വനിതാ പ്രാതിനിധ്യമുണ്ട്. 2011ല്‍ സ്ഥാപിതമായതു മുതല്‍ യുഎന്‍ വിമന്‍ ബോര്‍ഡിനെ യുഎഇ സര്‍വാത്മനാ പിന്തുണക്കുന്നു. അബുദാബിയില്‍ അടുത്തിടെ ഒരു ലെയ്‌സണ്‍ ഓഫീസ് തുറന്നിട്ടുണ്ട്. ഗള്‍ഫിലെ പ്രഥമ കാര്യാലയമാണിത്. യുഎന്‍ വിമന്‍ ബോര്‍ഡില്‍ ഗയാന, ലൈബീരിയ, മൊണ്ടിനീഗ്രോ, സ്വിറ്റ്‌സര്‍ലാന്റ് എന്നീ രാജ്യങ്ങള്‍ക്കാണ് വൈസ് പ്രസിഡന്റ് പദവിയുള്ളത്. ഈ വര്‍ഷം ബോര്‍ഡിനെ സംബന്ധിച്ചിടത്തോളം അതിപ്രധാനമാണെന്നും അവര്‍ കുട്ടിച്ചേര്‍ത്തു.