റസാഖ് ഒരുമനയൂര്‍
അബുദാബി:നോട്ട് പ്രതിസന്ധി പ്രവാസികളെയും ഏറെ പ്രയാസത്തിലാക്കിമാറ്റി. അത്യാവശ്യ കാര്യങ്ങള്‍ക്ക് പണം ലഭ്യമാകാത്തതിനുപുറമെ തങ്ങളുടെ പ്രായംചെന്ന മാതാപിതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ബാങ്കുകള്‍ക്ക് മുന്നില്‍ നീണ്ട നിരയില്‍ കാത്തുനില്‍ക്കേണ്ടി വരുന്ന അവസ്ഥ തുടരുന്നത് പ്രവാസികളെ കടുത്ത മനോവിഷമത്തിലാക്കിമാറ്റിയിരിക്കുകയാണ്.
കഴിഞ്ഞ ഏതാനും ദിവസമായി രാവിലെമുതല്‍ ബാങ്കുകള്‍ക്ക് മുന്നിലെത്തുന്ന പ്രായം ചെന്നവര്‍ക്ക് മാനുഷിക പരിഗണന പോലും ലഭിക്കുന്നില്ല. പണച്ചുരുക്കത്തിന്റെ ദയനീയ സ്ഥിതിയാണ് ഇത് വ്യക്തമാക്കുന്നത്.
രണ്ടുദിവസം കൊണ്ട് പ്രശ്‌നം പരിഹരിക്കപ്പെടുമെന്നാണ് കരുതിയിരുന്നതെങ്കിലും അടുത്ത ദിവസങ്ങളിലൊന്നും സാധാരണ നിലയില്‍ ആവാനിടയില്ലെന്നാണ് അറിയുന്നത്. പ്രതിമാസം നാട്ടിലേക്ക് അയക്കുന്ന പണവും പലരും അയച്ചിട്ടില്ല. അതേസമയം നേരത്തെ പണം അയച്ചവര്‍ക്കും ബാങ്കില്‍ നിന്നും പിന്‍വലിക്കാന്‍ കഴിയാത്ത അവസ്ഥയുമുണ്ടായിട്ടുണ്ട്. എക്‌സ്‌ചേഞ്ച് വഴി അയക്കുന്ന പണത്തിന് നാട്ടിലെ ബ്രാഞ്ചില്‍ നിന്നും ബാങ്ക് ചെക്കുകളാണ് നല്‍കി വരുന്നത്.
തങ്ങളുടെ ബന്ധുക്കള്‍ അത്യാവശ്യ കാര്യങ്ങള്‍ക്ക് പണമില്ലാതെ പ്രയാസപ്പെടുന്നത് പ്രവാസികള്‍ക്കിടയില്‍ മാനസിക സംഘര്‍ഷം വര്‍ധിപ്പിക്കുന്നുണ്ട്. നഗരപ്രദേശങ്ങളിലുള്ളവര്‍ക്ക് എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് വന്‍കിട സ്ഥാപനങ്ങളില്‍ നിന്ന് പലചരക്കു സാധാനങ്ങള്‍ വാങ്ങാമെങ്കിലും ഗ്രാമീണ മേഖലയിലുള്ളവരുടെ കാര്യം ദയനീയമാണ്. പണം ലഭിച്ച ശേഷം മാത്രം വീട്ടിലേക്കുള്ള സാധനങ്ങള്‍ വാങ്ങിക്കുന്ന സാധാരണക്കാരും താഴെ തട്ടിലുള്ള കുടുംബങ്ങളുടെ പ്രതിസന്ധി വിവരണാധീതമാണ്. പലരും നാട്ടിലേക്ക് ഫോണ്‍ ചെയ്യുമ്പോള്‍ ബാങ്കുകള്‍ക്ക് മുന്നിലെ നീണ്ട നിരയി ല്‍ നില്‍ക്കുകയാണെന്ന മറുപടിയാണ് ലഭിക്കുന്നത്.
പ്രായം ചെന്ന മാതാപിതാക്ക ള്‍പോലുംഇത്തരത്തില്‍ പൊരിവെയിലത്ത് നില്‍ക്കേണ്ടിവരുന്ന അവസ്ഥ പലര്‍ക്കും ആദ്യത്തെ അനുഭവമാണ്. എല്ലാവരും പണത്തിന്റെ അത്യാവശ്യക്കാരായതിനാല്‍ പകരം ആരെയും പറഞ്ഞയക്കാന്‍ കഴിയാത്ത അവസ്ഥയാണെന്ന് മലപ്പുറം കോട്ടക്കല്‍ സ്വദേശി ഷഫീഖ് മിഡില്‍ ഈസ്റ്റ് ചന്ദ്രികയോട് പറഞ്ഞു. അടുത്ത ദിവസങ്ങളില്‍ നടക്കാനിരുന്ന പല വിവാഹാഘോഷങ്ങളും എങ്ങിനെ നടത്തുമെന്നറിയാതെ കുടുംബാംഗങ്ങള്‍ ആശങ്കയിലാണ്.
സഹോദരിയുടെ വിവാഹത്തിന് നാട്ടില്‍ പോകുന്ന എറണാകുളം ജില്ലയിലെ പറവൂര്‍ സ്വദേശി ഇബ്രാഹിംകുട്ടി സ്വര്‍ണ്ണത്തിനും മറ്റു ആവശ്യങ്ങള്‍ക്കുമുള്ള പണം എപ്പോള്‍ ലഭ്യമാകുമെന്നറിയാതെ ആശങ്കയോടെയാണ് നാട്ടിലേക്ക് തിരിക്കുന്നത്. അബുദാബിയിലെ ബാങ്കില്‍ നിന്നും പണം വായ്പയെടുത്താണ് നാട്ടിലേക്ക് തിരിക്കുന്നത്. എന്നാല്‍ നാട്ടിലേക്കയക്കുന്ന പണം എപ്പോള്‍ കൈയില്‍ കിട്ടുമെന്ന ആശങ്കയുണ്ട്. കാര്‍ഡ് ഉപയോഗിച്ച് എല്ലാ സാധനങ്ങളും ലഭ്യമാകാത്ത അവസ്ഥയുമുണ്ട്.
രോഗബാധിതയായ ഉമ്മയുടെ ഓപ്പറേഷന് പണം അയച്ച തിരൂര്‍ സ്വദേശി ശംസുദ്ദീന് പണം പിന്‍വലിക്കാനാവാത്തതുമൂലം ഉമ്മയെ ഡിസ്ചാര്‍ജ്ജ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. നേരത്തെ മോദിയുടെ തീരുമാനത്തെ അനുകൂലിച്ച പലരും ഇപ്പോള്‍ കുരുക്ക് തങ്ങളിലേക്ക് നീണ്ടതോടെ തീരുമാനത്തിനെതിരെ ശക്തമായി പ്രതികരിച്ചുതുടങ്ങിയിട്ടുണ്ട്.
Be the first to write a comment.