റസാഖ് ഒരുമനയൂര്‍ അബുദാബി:ഗള്‍ഫ് നാടുകളിലുള്ള പ്രവാസി ഇന്ത്യക്കാരുടെ കൈകളിലുള്ള നോട്ടുകള്‍ മാറ്റിയെടുക്കാന്‍ സംവിധാനമുണ്ടായില്ലെങ്കില്‍ 820 കോടിയിലേറെ രൂപ വെറും കടലാസായി മാറും. ലോക തലത്തിലുള്ള പ്രവാസികളുടെ കൈകളിലുള്ള തുക ഏകദേശം 2,000 കോടിയിലധികം വരുമെന്നാണ് ഇതുസംബന്ധിച്ച കണക്കുകള്‍ വ്യക്തമാക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ ഈ വര്‍ഷം ഏപ്രില്‍ മാസത്തില്‍ പുറത്തു വിട്ട കണക്കനുസരിച്ച് ഗള്‍ഫ് നാടുകളില്‍ മാത്രം 82 ലക്ഷത്തോളം ഇന്ത്യക്കാര്‍ ജോലി ചെയ്യുന്നുണ്ട്.

 

സഊദി അറേബ്യ 29.6 ലക്ഷം, യുഎഇ 26 ലക്ഷം, കുവൈത്ത് 8.8, ഒമാന്‍ 7.95, ഖത്തര്‍ 6.3, ബഹ്‌റൈന്‍ 2.95 എന്നിങ്ങനെയാണ് ഗള്‍ഫ് നാടുകളില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ കണക്കുകള്‍. നാട്ടില്‍ നിന്നും ഗള്‍ഫ് നാടുകളിലേക്ക് യാത്ര ചെയ്യുന്ന ഓരോ ഇന്ത്യക്കാരനും ചെറിയ തുകയെങ്കിലും ഇന്ത്യന്‍ രൂപയായി കൈയില്‍ സൂക്ഷിച്ചിട്ടുണ്ടാകും.   500 മുതല്‍ 5,000 രൂപ വരെ കൈയില്‍ കരുതുന്നവരുണ്ട്. 10,000 രൂപ വരെ യാത്രയില്‍ കൈയില്‍ സൂക്ഷിക്കുന്നവരുണ്ടെന്നാണ് അറിയുന്നത്. ശരാശരി ഓരോ പ്രവാസിയുടെ കൈയിലും 1,000 രൂപ എന്ന തോതില്‍ കണക്കാക്കുകയാണെങ്കില്‍ പോലും 82 ലക്ഷം ഗള്‍ഫ് പ്രവാസികളില്‍ മാത്രം 820 കോടി രൂപ ഉണ്ടാകുമെന്നാ ണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

 

2,000 മുതല്‍ 3,000 വരെയുള്ള തുക കൈയില്‍ കരുതുന്നവര്‍ വളരെയേറെയുണ്ട്. എന്നാല്‍, 500 രൂപയെങ്കിലും ഇന്ത്യന്‍ മണിയായി കൈയില്‍ ഇല്ലാത്തവരുടെ എണ്ണം വളരെ കുറവാണെന്ന് ഇതുസംബന്ധിച്ച് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി.   100 പേരില്‍ നടത്തിയ അന്വേഷണത്തില്‍ 500 രൂപയുടെ ഒരു നോട്ട് എങ്കിലും കൈവശമില്ലാത്തവര്‍ 17 പേര്‍ മാത്രമാണ്. 28 പേര്‍ 500 രൂപയുടെ ഒരു നോട്ട് കൈയിലുള്ളവരും 31 പേര്‍ ആയിരവും 15 പേര്‍ 2,000ത്തില്‍ കൂടുതലും കൈയിലുള്ളവരാണ്. 9 പേര്‍ 3,000ത്തോളം രൂപയും തങ്ങളുടെ യാത്രയില്‍ കരുതിയിട്ടുള്ളവരാണ്. 10,000 രൂപ വരെ കൈവശമുള്ളവരും പ്രവാസികള്‍ക്കിടയിലുണ്ടെന്നാണ് അറിയുന്നത്.  

 

പ്രവാസികളുടെ കൈയിലിരിക്കുന്ന പണത്തിന്റെ കണക്ക് ഇത്തരത്തിലാണെന്നിരിക്കെ ജിസിസി രാജ്യങ്ങളിലെ മൊത്തം പ്രവാസി ഇന്ത്യക്കാരുടെ കൈയില്‍ 1,000 കോടി രൂപയോളമെങ്കിലും വരുമെന്നതില്‍ സംശയമില്ല. ഏകദേശം ഇത്രത്തോളം തന്നെ തുക വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മണി എക്‌സ്‌ചേഞ്ചുകളിലും ഇന്ത്യന്‍ രൂപയായി സൂക്ഷിപ്പുണ്ടായിരിക്കും. ഡിസംബര്‍ 31 വരെ മാത്രമാണ് നിലവിലെ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ സര്‍ക്കാര്‍ സമയം അനുവദിച്ചിട്ടുള്ളത്. എന്നാല്‍, അടുത്ത ഒന്നര മാസത്തിനകം വളരെ ചെറിയൊരു ശതമാനം പ്രവാസികള്‍ മാത്രമാണ് നാട്ടില്‍ പോകുന്നവരായിട്ടുണ്ടാവുകയുള്ളൂ. അവര്‍ക്ക് നാട്ടില്‍ തങ്ങളുടെ തുക മാറ്റിയെടുക്കാന്‍ കഴിയുമെങ്കിലും അവശേഷിക്കുന്ന ഭൂരിഭാഗം പേരുടെയും കൈയിലുള്ള പണം വെറും കടലാസായി മാറുമെന്നതില്‍ സംശയമില്ല.  

 

കേന്ദ്ര സര്‍ക്കാറിന്റെ കണക്കനുസരിച്ച് 1.14 കോടി ഇന്ത്യക്കാരാണ് വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്നത്. ഇവരെ കൂടാതെ ലക്ഷക്കണക്കിന് പിഐഒ കാര്‍ഡ് ഉടമകളും വിദേശ രാജ്യങ്ങളിലുണ്ട്. ഇവരുടെ കൈകളിലും ഇന്ത്യന്‍ രൂപയുണ്ട്. എല്ലാം കൂടി 2,000 കോടിയിലേറെ രൂപയുടെ നോട്ടുകള്‍ വിദേശ രാജ്യങ്ങളിലെ പ്രവാസികളുടെ കൈവശമുണ്ട്. ഈ തുകയെല്ലാം മാറ്റിയെടുക്കുന്നതിന് അടിയന്തിര സ്വഭാവത്തോടെ സംവിധാനം ഏര്‍പ്പെടുത്തിയില്ലെങ്കില്‍ ലോക തലത്തില്‍ വ്യാപിച്ചു കിടക്കുന്ന 2,000 കോടിയിലേറെ രൂപ നഷ്ടപ്പെട്ടേക്കും. കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അടിയന്തിര തീരുമാനം കൈക്കൊള്ളമെന്ന പ്രവാസികളുടെ ആവശ്യം ശക്തമാവുകയാണ്.  

ഗള്‍ഫ് നാടുകളിലുള്ള മണി എക്‌സ്‌ചേഞ്ചുകള്‍ വഴിയോ ബാങ്കുകള്‍ മുഖനയോ ഈ തുക മാറ്റിയെടുക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയാല്‍ മാത്രമേ പ്രശ്‌നം പരിഹരിക്കാന്‍ കഴിയുകയുള്ളൂ. നാട്ടില്‍ തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കുന്നതിന് പകരം മണി എക്‌സ് ചേഞ്ചുകളില്‍ പാസ്‌പോര്‍ട്ട് കോപ്പി സഹിതം വാങ്ങാനുള്ള സജ്ജീകരണം ഏര്‍പ്പെടുത്തിയാല്‍ മതിയാകും. ഇതിലൂടെ പ്രവാസികളുടെ പണത്തിന്റെ മൂല്യം നഷ്ടപ്പെടാതിരിക്കാനുമുള്ള സാഹചര്യം ഉണ്ടാകും.