അബുദാബി: യു.എ.ഇയില്‍ പൊതുമാപ്പ് കാലാവധി ഒരു മാസത്തേക്ക് നീട്ടി. ഡിസംബര്‍ ഒന്ന് വരെയാണ് നീട്ടിയത്. മൂന്ന് മാസത്തെ പൊതുമാപ്പ് കാലാവധി ബുധനാഴ്ച അവസാനിരിക്കെയാണ് കാലാവധി നീട്ടിയത്. ഇത് സംബന്ധിച്ച് യു.എ.ഇ ഫെഡറല്‍ അതോറിറ്റി ഓഫ് ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് പ്രത്യേക അറിയിപ്പ് പുറത്തിറക്കി.

വിവിധ രാജ്യങ്ങളുടെ എംബസികളും ഉദ്യോഗസ്ഥരും പൊതുമാപ്പ് കാലാവധി ദീര്‍ഘിപ്പിക്കണമെന്ന് ഔദ്യോഗികമായി യു.എ.ഇ ഭരണകൂടത്തോട് അഭ്യര്‍ഥിച്ചതിനെ തുടര്‍ന്നാണ് പൊതുമാപ്പ് കാലാവധി നീട്ടാന്‍ തീരുമാനിച്ചത്.

പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നവര്‍ക്കായി ഇതുവരെ 656 എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റുകളും ഹ്രസ്വ കാലാവധിയുള്ള 275 പാസ്‌പോര്‍ട്ടുകളും അനുവദിച്ചിട്ടുണ്ടെന്ന് യു.എ.ഇയിലെ ഇന്ത്യന്‍ അംബാസിഡര്‍ നവദ്വീപ് സിങ് സുരി അറിയിച്ചു. ദുബായില്‍ 3,332 എമര്‍ജന്‍സി എക്‌സിറ്റ് പാസുകളും 1638 താല്‍ക്കാലിക പാസ്‌പോര്‍ട്ടുകളും നല്‍കിയിട്ടുണ്ട്. പൊതുമാപ്പ് ഉപയോഗപ്പെടുത്തി ആറ് മാസം കൂടി രാജ്യത്ത് ജോലി അന്വേഷിക്കാന്‍ തങ്ങുന്നവര്‍ക്കായാണ് താല്‍ക്കാലിക പാസ്‌പോര്‍ട്ട് ഇന്ത്യന്‍ എംബസി നല്‍കുന്നത്.