അബുദാബി: രാജ്യത്ത് ചൂടിന് ശമനം വന്നതോടെ വിനോദ കേന്ദ്രങ്ങളില്‍ വന്‍ തിരക്ക് അനുഭവപ്പെട്ടു തുടങ്ങി. ഈ വര്‍ഷത്തെ ചൂടിന് ശക്തി കുറഞ്ഞതോടെ കഴിഞ്ഞ ദിവസങ്ങളില്‍ പാര്‍ക്കുകളിലും കോര്‍ണിഷുകളിലും മറ്റു തുറസ്സായ വിനോദ കേന്ദ്രങ്ങളിലും ആയിരക്കണക്കിന് പേരാണ് ഒത്തു കൂടിയത്. പല പാര്‍ക്കുകളിലും ബീച്ചുകളിലും ഉച്ചക്ക് മുമ്പു തന്നെ നിരവധി പ്രവാസി കുടുംബങ്ങള്‍ എത്തിച്ചേര്‍ന്നിരുന്നു. ഭക്ഷണം പാകം ചെയ്യുന്നവരും പാകം ചെയ്തവയുമായി എത്തിയവരും ഏറെയായിരുന്നു.

കുട്ടികള്‍ക്ക് സൗകര്യപ്രദമായി കളിക്കാന്‍ ഇത്തരം തുറസ്സായ സ്ഥലങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ പ്രവാസികള്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. പതിവു പോലെ അറബ് വംശജരാണ് പാര്‍ക്കുകളില്‍ കൂടുതലും കാണപ്പെട്ടതെങ്കിലും ഫുജൈറ, ഖോര്‍ഫക്കാന്‍ ബീച്ചുകളില്‍ നൂറുകണക്കിന് മലയാളി കുടുംബങ്ങളുടെ സാന്നിധ്യം ആകര്‍ഷകമായിരുന്നു. കുട്ടികള്‍ വിവിധ തരത്തിലുള്ള വിനോദങ്ങളില്‍ ഏര്‍പ്പെട്ടപ്പോള്‍ മുതിര്‍ന്നവര്‍ അടച്ചിട്ട ഫ്‌ളാറ്റുകളില്‍ നിന്നും പുറത്തിറങ്ങിയ ആശ്വാസത്തിലായിരുന്നു.