കണ്ണൂര്‍:  സമരത്തിന് പിന്തുണയുമായി യു.ഡി.എഫ് സംഘം കിഴാറ്റൂരില്‍ എത്തി. കെ സുധാകരന്‍, ബെന്നി ബഹനാന്‍, ഷിബു ബേബി ജോണ്, ഷാനിമോള്‍ ഉസ്മാന്‍ എന്നിവരാണ് കീഴാറ്റൂരില്‍ എത്തിയത്.
സിപിഎം തീയിട്ട് നശിപ്പിച്ച സമരപന്തല്‍ കീഴാറ്റൂര്‍ പാടത്ത് വയല്‍ക്കിളികള്‍ ഇന്ന് വീണ്ടും ഉയര്‍ത്തും . വയല്‍ക്കിളികള്‍ക്ക് പിന്തുണയുമായി സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ നിന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ കീഴാറ്റൂരിലെത്തി തുടങ്ങിയിട്ടുണ്ട്. വയല്‍ക്കിളികളുടെ സമരത്തിന് ബദലായി സിപിഎമ്മിന്റെ നാടുകാവല്‍ സമരവും തുടരുകയാണ്.
കേരളം കീഴാറ്റുരിലേക്കെന്ന പേരില്‍ പരിസ്ഥിത പ്രവര്‍ത്തകരും സമരത്തോട് അനുഭാവമുള്ളവരും ചേര്‍ന്ന് വലിയ ബഹുജന കൂട്ടായ്മ കീഴാറ്റൂരില്‍ എത്തുമെന്നാണ് വയല്‍ക്കിളികള്‍ പ്രതീക്ഷിക്കുന്നത്.  ഇവരുടെ സാന്നിധ്യത്തിലാകും പുതിയ സമരപ്പന്തലില്‍ സമരം തുടങ്ങുക. എലിവേറ്റഡ് ഹൈവേയുടെ കാര്യത്തില്‍ സര്‍ക്കാര്‍ കത്തയച്ച സാഹചര്യത്തില്‍ വിഷയത്തിലെ നിലപാട് പ്രഖ്യാപനവും ഇന്നുണ്ടായേക്കും.
സിപിഎം കുത്തിയതിന് പകരം, ഭൂമി ഏറ്റെടുക്കലിനെ എതിര്‍ക്കുന്ന ഭൂവുടമകളുടെ പ്ലക്കാര്‍ഡുകള്‍ വയലില്‍ നാട്ടും.  ഇതോടെ സിപിഎം-വയല്‍ക്കിളി പോര് മറ്റൊരു തലത്തിലേക്ക് നീങ്ങുകയാണ്.  നേരത്തെ സമരപ്പന്തല്‍ കത്തിച്ചതിന് സമാനമായ പ്രകോപനങ്ങള്‍ ഇനി ഉണ്ടാകരുതെന്ന് പ്രവര്‍ത്തകര്‍ക്ക് സിപിഎം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സിപിഎം സ്ഥാപിച്ച സമരപ്പന്തലില്‍ നാടുകാക്കല്‍ സമരവും ഇന്ന് ശക്തമാക്കും.  വയല്‍ക്കിളികളുയര്‍ത്തുന്ന ആരോപണങ്ങളെ അതേരീതിയില്‍ത്തന്നെ നേരിടാന്‍ ഒരുങ്ങിയാണ് സിപിഎം. ഇതിനാലാണ് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ കൂടി പശ്ചാത്തലത്തില്‍ പ്രകോപനങ്ങള്‍ക്ക് ഇട നല്‍കരുതെന്ന സിപിഎം നിര്‍ദേശം.  പൊലീസും കനത്ത ജാഗ്രതയിലാണ്.