ന്യൂഡല്‍ഹി: ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് പൊലീസ് യുഎപിഎ ചുമത്തി അറസ്റ്റു ചെയ്ത ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥി ഉമര്‍ ഖാലിദിനെതിരെ പൊലീസ് സമര്‍പ്പിക്കുന്നത് കൂറ്റന്‍ രേഖകള്‍. 11 ലക്ഷം പേജ് വരുന്ന സാങ്കേതിക രേഖകളാണ് ഉമറിനെതിരെ സമര്‍പ്പിക്കുന്നത് എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസം അറസ്റ്റിലായ ഉമര്‍ ഇപ്പോള്‍ പത്തു ദിവസത്തെ പൊലീസ് കസ്റ്റഡിയിലാണ്. ഉമര്‍ ഖാലിദിനെ കലാപവുമായി ബന്ധപ്പെട്ട് പൊലീസ് വേട്ടയാടുകയാണ് എന്ന ആരോപണങ്ങള്‍ക്കിടെയാണ് ഈ കൂറ്റന്‍ ‘തെളിവുകള്‍’.

11 ലക്ഷം വരുന്ന വന്‍ സാങ്കേതിക വിവരങ്ങളെയാണ് ഉമര്‍ ഖാലിദിന് അഭിമുഖീകരിക്കാന്‍ ഉള്ളതെന്ന് കഴിഞ്ഞ ദിവസം കോടതിയില്‍ നടന്ന വാദത്തില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അമിത് പ്രസാദ് പറഞ്ഞു. കര്‍കര്‍ദൂമ കോടതിയില്‍ അഡീഷണല്‍ സെഷന്‍സ് ജഡ്ജ് അമിതാഭ് റാവതിന് മുമ്പാകെ വിര്‍ച്വല്‍ ഹിയറിങ്ങിലാണ് ഉമര്‍ ഖാലിദിനെ തിങ്കളാഴ്ച ഹാജരാക്കിയത്.

ഉമറിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ത്രിദീപ് പൈസ് ഡല്‍ഹി കലാപം നടന്ന ഫെബ്രുവരി 23 മുതല്‍ 26 വരെ തന്റെ കക്ഷി ഡല്‍ഹിയില്‍ തന്നെ ഉണ്ടായിരുന്നില്ല എന്നു വാദിച്ചു. പൗരത്വ ഭേദഗതി വിരുദ്ധ സമരങ്ങളില്‍ പങ്കെടുത്തതിന്റെ പേരില്‍ ഉമറിനെ വേട്ടയാടുകയാണ് എന്നും പൈസ് ആരോപിച്ചു.

എന്നാല്‍ സാങ്കേതിക വിവരങ്ങളില്‍ ഉമറില്‍ നിന്ന് വിവരങ്ങള്‍ തേടേണ്ടതുണ്ട് എന്ന പൊലീസിന്റെ വാദം അംഗീകരിച്ച് കോടതി അദ്ദേഹത്തെ കസ്റ്റഡിയില്‍ വിടുകയായിരുന്നു. ഉമറിന്റെ അറസ്റ്റിനെതിരെ നിരവധി സാമൂഹ്യ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്.