കോയമ്പത്തൂര്‍: കാന്‍സര്‍ അടക്കമുള്ള മാരക രോഗങ്ങള്‍ക്ക് ഗോമൂത്രം ഉത്തമ ഔഷധമാണെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വിനി കുമാര്‍. ‘ക്യാന്‍സറിനുള്ളതടക്കം നിരവധി മരുന്നുകളില്‍ ഗോമൂത്രം ഉപയോഗിക്കാം. നാടന്‍ പശുക്കളുടെ മൂത്രമാണ് ഉപയോഗിക്കുക’. ആയുഷ് മന്ത്രാലയം ഇതുമായി ബന്ധപ്പെട്ട് നടപടിക്രമങ്ങള്‍ ഗൗരവമായി നടത്തുകയാണെന്നും അദ്ദേഹം അറിയിച്ചു. കോയമ്പത്തൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി.

സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ കൃത്യമായി നടപ്പാക്കുന്നതിലൂടെ കന്നുകാലികളെ സംരക്ഷിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളും നടത്തിവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോകമെമ്പാടും വെല്ലുവിളി ഉയര്‍ത്തുന്ന രോഗങ്ങളാണ് പ്രമേഹവും ക്യാന്‍സറും. ഇവപൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ സാധിക്കുമെന്ന് നമുക്ക് അവകാശപ്പെടാന്‍ ആകില്ല. എന്നാല്‍ നമുക്കിതിനെ നിയന്ത്രിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.