Connect with us

Health

വേനല്‍ക്കാലത്ത് അമീബിക്ക് മസ്തിഷ്‌ക ജ്വരത്തിനെതിരെ ജാഗ്രത പാലിക്കണം: ആരോഗ്യ മന്ത്രി

Published

on

തിരുവനന്തപുരം: വേനല്‍ക്കാലമായതിനാല്‍ അമീബിക്ക് മസ്തിഷ്‌ക ജ്വരത്തിനെതിരെ (അമീബിക്ക് മെനിഞ്ചോഎന്‍സെഫലൈറ്റിസ്) പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. വേനല്‍ക്കാലത്ത് ജലസ്രോതസ്സുകളില്‍ വെള്ളത്തിന്റെ അളവ് കുറയുന്നത് കാരണം ചെളിയിലെ അമീബയുമായി സമ്പര്‍ക്കം കൂടുതലുണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ കുളങ്ങളിലോ ജലാശയങ്ങളിലോ കുളിക്കുന്നവര്‍ ശ്രദ്ധിക്കണം. വാട്ടര്‍ ടാങ്കുകള്‍ ചെളി കെട്ടിക്കിടക്കാതെ വൃത്തിയാക്കണം. സ്വിമ്മിംഗ് പൂളുകള്‍, അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍ എന്നിവിടങ്ങളിലെ വെള്ളം ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാക്കണം. ഇത്തരം ജലവുമായി ഏതെങ്കിലും രീതിയില്‍ സമ്പര്‍ക്കം ഉണ്ടായിട്ടുള്ളവര്‍ക്ക് തീവ്രമായ തലവേദന, പനി, ഓക്കാനം, ഛര്‍ദി, കഴുത്ത് തിരിക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനടി അക്കാര്യം പറഞ്ഞ് ചികിത്സ തേടേണ്ടതാണെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

സംസ്ഥാനത്ത് ഇപ്പോഴും അമീബിക്ക് മസ്തിഷ്‌ക ജ്വരം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. 2024ല്‍ 38 കേസുകളും 8 മരണവും 2025ല്‍ 12 കേസുകളും 5 മരണവും ഉണ്ടായിട്ടുണ്ട്. ആരംഭ സമയത്ത് കൃത്യമായി രോഗം തിരിച്ചറിഞ്ഞ് ചികിത്സിക്കുന്നത് കൊണ്ടാണ് ഭൂരിഭാഗം പേരെയും രക്ഷിക്കാനായത്. എന്നാല്‍, നമ്മള്‍ മനസിലാക്കേണ്ട കാര്യം ആഗോള തലത്തില്‍ 97 ശതമാനം മരണ നിരക്കുള്ള രോഗമാണിത്. മികച്ച പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തിലെ മരണ നിരക്ക് 25 ശതമാനമാക്കി കുറയ്ക്കാന്‍ സാധിച്ചു. ലോകത്ത് തന്നെ ഇത്തരത്തില്‍ രോഗമുക്തി കൈവരിച്ചിട്ടുള്ളത് 11 പേര്‍ മാത്രമാണ്. അതേസമയം കേരളത്തില്‍ 37 പേരെ രക്ഷിക്കാനായി. മസ്തിഷ്‌ക ജ്വരം സംശയിക്കുന്ന എല്ലാ രോഗികളിലും അമീബിക്ക് മസ്തിഷ്‌ക ജ്വരം നിര്‍ണയിക്കാനുള്ള പരിശോധന കൂടി നടത്താന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

· പായല്‍ പിടിച്ചു കിടക്കുന്നതോ മൃഗങ്ങളെ കുളിപ്പിക്കുന്നതോ മാലിന്യമുള്ളതോ ആയ കുളങ്ങളിലെ വെള്ളത്തില്‍ കുളിക്കുകയോ മുഖം കഴുകുകയോ ചെയ്യരുത്.

· വര്‍ഷങ്ങളായി വൃത്തിയാക്കാത്ത വാട്ടര്‍ ടാങ്കിലെ വെള്ളം ഉപയോഗിക്കുന്നവരും ശ്രദ്ധിക്കണം. ചെളി കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ അമീബ ഉണ്ടോയേക്കാം.

· മൂക്കില്‍ ശസ്ത്രക്രിയയ്ക്ക് വിധേയമായവര്‍, തലയില്‍ ക്ഷതമേറ്റവര്‍, തലയില്‍ ശസ്ത്രക്രിയ്ക്ക് വിധേയമായവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം.

· ചെവിയില്‍ പഴുപ്പുള്ളവര്‍ കുളത്തിലും തോട്ടിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും മറ്റും കുളിക്കാന്‍ പാടില്ല.

· കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കുന്നതും വെള്ളത്തില്‍ ഡൈവ് ചെയ്യുന്നതും പരമാവധി ഒഴിവാക്കണം.

· വാട്ടര്‍ തീം പാര്‍ക്കുകളിലേയും സ്വിമ്മിംഗ് പൂളുകളിലേയും വെള്ളം കൃത്യമായി ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാണെന്ന് ഉറപ്പാക്കണം.

· മൂക്കിലേക്ക് വെള്ളം ഒഴിക്കുകയോ ഒരു തരത്തിലും വലിച്ചു കയറ്റുകയോ ചെയ്യരുത്.

· മൂക്കില്‍ വെള്ളം കയറാതിരിക്കാന്‍ നേസല്‍ ക്ലിപ്പ് ഉപയോഗിക്കുക.

Health

ഓണ്‍ലൈനില്‍ മരുന്ന് വില്‍പ്പന നടത്തിയ സ്ഥാപനത്തിനെതിരെ നടപടി; ഓണ്‍ലൈനായി മരുന്ന് ആവശ്യപ്പെട്ട് വിദഗ്ധമായി പിടികൂടി

Published

on

തിരുവനന്തപുരം: അനധികൃതമായി ഓണ്‍ലൈനില്‍ മരുന്ന് വില്‍പ്പന നടത്തിയ സ്ഥാപനത്തിനെതിരെ ആദ്യമായി നടപടി സ്വീകരിച്ച് സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ്. നോര്‍ത്ത് പറവൂര്‍ പൂശ്ശാരിപ്പടിയിലുള്ള ജെജെ മെഡിക്കല്‍സ് എന്ന സ്ഥാപനത്തിനെതിരേയാണ് നടപടി സ്വീകരിച്ചത്. പരിശോധനാ വേളയില്‍ ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഉത്തേജക മരുന്നുകള്‍ പര്‍ച്ചേസ് ബില്‍ ഇല്ലാതെ വാങ്ങുകയും ഓണ്‍ലൈനായി വില്‍പ്പന നടത്തിയതായും കണ്ടെത്തി. കേരളത്തില്‍ ഇതാദ്യമായാണ് അനധികൃതമായി ഓണ്‍ലൈനില്‍ മരുന്ന് വില്‍പ്പന നടത്തിയ സ്ഥാപനത്തിനെതിരെ ഡ്രഗ്‌സ് & കോസ്‌മെറ്റിക്‌സ് ആക്ട് പ്രകാരം നിയമ നടപടി സ്വീകരിക്കുന്നത്. കണ്ടെടുത്ത മരുന്നുകളും അനുബന്ധ രേഖകളും നോര്‍ത്ത് പറവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.

വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് അനധികൃതമായ മരുന്നുകള്‍ ഓണ്‍ലൈന്‍ വഴി വാങ്ങുന്നത് തടയാനും ആവശ്യമായ ഇടപെടലുകള്‍ നടത്താനും കേരളം നേരത്തെ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. അത്തരം സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. കേരളത്തില്‍ നിന്ന് ഇത്തരത്തില്‍ ഓണ്‍ലൈന്‍ മരുന്ന് വ്യാപാരം നടക്കുന്നതായി വിവരം ഉണ്ടായിരുന്നില്ല. എന്നാല്‍ ഇങ്ങനെയൊരു സ്ഥാപനം വഴി ഓണ്‍ലൈനാഴി മരുന്ന് വ്യാപാരം നടക്കുന്നതായി സംശയം ഉണ്ടായതിനെ തുടര്‍ന്ന് ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് അത് കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു. വകുപ്പിലെ ഉദ്യോഗസ്ഥന്‍ അവരുടെ വെബ്‌സൈറ്റില്‍ കയറി ഓണ്‍ലൈനായി ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ മരുന്ന് ആവശ്യപ്പെട്ടപ്പോള്‍ ഒരു തടസവുമില്ലാതെ അയച്ചു കൊടുത്തു. അതേസമയം അതിലെ അഡ്ഡ്രസ് വ്യാജമായിരുന്നു. വില്‍പന നടത്തിയ സ്ഥാപനം കണ്ടെത്താന്‍ ഇതോടെ ബുദ്ധിമുട്ടായി. പിന്നീട് വിദഗ്ധമായി പിന്തുടര്‍ന്നാണ് ചെയ്താണ് റെയ്ഡ് നടത്തിയത്.

Continue Reading

Health

അമീബിക് മസ്തിഷ്‌ക ജ്വരം; സംസ്ഥാനത്ത് ഒരു മരണം കൂടി

ആനാട് സ്വദേശി കെ.വി വിനയ ആണ് മരിച്ചത്.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണം. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. ആനാട് സ്വദേശി കെ.വി വിനയ ആണ് മരിച്ചത്.

ഇന്നലെ രാത്രിയായിരുന്നു മരണം. രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. യുവതിയുടെ വീട്ടിലെ കിണറ്റിലെ വെള്ളം പരിശോധനയ്ക്ക് അയച്ചു. പനി ഉള്‍പ്പെടെയുള്ള ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് രണ്ട് മാസം മുമ്പാണ് വിനയ നെടുമങ്ങാട് ആശുപത്രില്‍ ചികിത്സ തേടിയത്. അസുഖം മാറി വീട്ടിലെത്തിയ ശേഷം അപസ്മാരം പിടിപെട്ടു. തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നാലെ നടത്തിയ രക്ത പരിശോധനയിലാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിതീകരിച്ചത്.

Continue Reading

Health

അമീബിക് മസ്തിഷ്‌ക ജ്വര ഭീഷണി; ശബരിമല തീര്‍ത്ഥാടകര്‍ ജാഗ്രത പാലിക്കണമെന്ന് കര്‍ണാടക

ദസറ കാലത്ത് കേരളത്തില്‍ നിന്ന് മൈസൂരുവിലേക്ക് പോയ വാഹനങ്ങള്‍ക്ക് നല്‍കിയ ഇളവ് മാതൃകയാക്കി സമാന സംവിധാനം നടപ്പാക്കണമെന്ന് കത്തില്‍ ആവര്‍ത്തിക്കുന്നു.

Published

on

ബെംഗളൂരു: അമീബിക് മസ്തിഷ്‌ക ജ്വരം റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ശബരിമല തീര്‍ത്ഥാടകര്‍ക്ക് കര്‍ണാടക സര്‍ക്കാര്‍ അടിയന്തര നിര്‍ദേശങ്ങള്‍ നല്‍കി. പ്രത്യേകിച്ച് കെട്ടിക്കിടക്കുന്ന ജലസ്രോതസുകളിലും കുളങ്ങളിലുമുള്ള കുളിക്കുമ്പോള്‍ ജാഗ്രത വേണമെന്ന് സര്‍ക്കുലറില്‍ പറയുന്നു. ഇത്തരം സ്ഥലങ്ങളില്‍ കുളിക്കുമ്പോള്‍ നോസ് ക്ലിപ്പ് ഉപയോഗിക്കുകയോ, മൂക്ക് പൂര്‍ണ്ണമായി അടച്ച് പിടിക്കുകയോ ചെയ്യണമെന്ന് നിര്‍ദ്ദേശം. മലിനജലത്തില്‍ മുങ്ങുകയോ കുളിക്കുകയോ ഒഴിവാക്കണമെന്നും, രോഗലക്ഷണങ്ങള്‍ കണ്ടാല്‍ തത്ക്ഷണം ആശുപത്രിയില്‍ ചികിത്സ തേടണമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. അതേസമയം, കര്‍ണാടകയില്‍ നിന്ന് ശബരിമലയിലേക്ക് യാത്ര ചെയ്യുന്ന തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ക്ക് നികുതി ഇളവ് നല്‍കണമെന്ന് കര്‍ണാടക സ്‌റ്റേറ്റ് ട്രാവല്‍ ഓണേഴ്‌സ് അസോസിയേഷന്‍ കേരള സര്‍ക്കാരിനോട് ആവശ്യമുന്നയിച്ചു. മണ്ഡല മകരവിളക്ക് സീസണില്‍ പ്രത്യേക ഇളവ് നല്‍കണമെന്ന ആവശ്യവുമായി മുഖ്യ മന്ത്രി പിണറായി വിജയനും ഗതാഗത മന്ത്രി കെ.ബി. ഗണേഷ്‌കുമാറിനും സംഘടന കത്തയച്ചിട്ടുണ്ട്. ദസറ കാലത്ത് കേരളത്തില്‍ നിന്ന് മൈസൂരുവിലേക്ക് പോയ വാഹനങ്ങള്‍ക്ക് നല്‍കിയ ഇളവ് മാതൃകയാക്കി സമാന സംവിധാനം നടപ്പാക്കണമെന്ന് കത്തില്‍ ആവര്‍ത്തിക്കുന്നു.

Continue Reading

Trending