ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളില്ലെന്ന് ആവര്‍ത്തിച്ച് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. മധ്യപ്രദേശിനും മഹാരാഷ്ട്രക്കും പിന്നാലെ പഞ്ചാബും കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാന്‍ ഒരുങ്ങുന്ന പശ്ചാത്തലത്തിലാണ് ധനമന്ത്രിയുടെ പ്രഖ്യാപനം. 10 ലക്ഷം കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളാനാണ് പഞ്ചാബ് സര്‍ക്കാര്‍ ഒരുങ്ങുന്നത്.
കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്നതു വഴിയുണ്ടാകുന്ന പ്രതിസന്ധി പരിഹരിക്കുന്നതിന് കേന്ദ്രം പ്രത്യേക സാമ്പത്തിക സഹായം അനുവദിക്കണമെന്ന് ഈ സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാറുകളെ നിരാശപ്പെടുത്തുന്നതാണ് ധനമന്ത്രിയുടെ പ്രഖ്യാപനം. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനു വേണ്ടി സ്വീകരിക്കുന്ന നടപടികളില്‍ സര്‍ക്കാര്‍ ഉറച്ചു നില്‍ക്കും. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്നത് പണപ്പെരുപ്പം ഉയരാന്‍ ഇടയാക്കും. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 3.5 ശതമാനമാണ് പണപ്പെരുപ്പം.
നടപ്പു സാമ്പത്തിക വര്‍ഷം ഇത് 3.2 ശതമാനമായി നിയന്ത്രിക്കാനാണ് ബജറ്റില്‍ നിര്‍ദേശിക്കുന്നത്. 2020 ആകുമ്പോഴേക്കും മൊത്തോത്പാദനത്തിന്റെ മൂന്ന് ശതമാനം മാത്രമായി പണപ്പെരുപ്പം നിയന്ത്രിക്കണമെന്ന് മുന്‍ ധനകാര്യ സെക്രട്ടറി എന്‍.കെ സിങ് അധ്യക്ഷനായ ധനകാര്യ ഉത്തരവാദിത്ത- ബജറ്റ് മാനേജ്‌മെന്റ് കമ്മിറ്റി നിര്‍േദശിച്ചിട്ടുണ്ട്.
2022-23 ആകുമ്പോഴേക്കും 2.5 ശതമാനമായി പണപ്പെരുപ്പം കുറച്ചുകൊണ്ടുവരണമെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ മികച്ച വിളവ് ലഭിച്ചിട്ടും ഉത്പന്നങ്ങള്‍ക്ക് വിലയില്ലാതായതോടെ വന്‍ പ്രതിസന്ധിയാണ് രാജ്യത്തെ കര്‍ഷകര്‍ നേരിടുന്നത്. നോട്ടുനിരോധനത്തെതുടര്‍ന്നുള്ള സാമ്പത്തിക മരവിപ്പാണ് വിലയിടിവിന് കാരണമെന്ന് പ്രതിപക്ഷവും ആഗോള സാഹചര്യങ്ങളാണ് കാരണമെന്ന് കേന്ദ്ര സര്‍ക്കാറും വാദിക്കുന്നു.
വിളകള്‍ക്ക് മതിയായ വില ലഭ്യമാക്കണമെന്നും കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണമെന്നും ആവശ്യപ്പെട്ട് വിവിധ സംസ്ഥാനങ്ങളില്‍ കര്‍ഷകര്‍ പ്രക്ഷോഭ പാതയിലാണ്. കര്‍ഷക സമരത്തിനു നേരെയുണ്ടായ പൊലീസ് വെടിവെപ്പില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടതിനു പിന്നാലെ കര്‍ഷക ആത്മഹത്യകള്‍ പെരുകുന്നത് ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശ് സര്‍ക്കാറിന് തലവേദനയാകുന്നുണ്ട്.
ഉത്തര്‍പ്രദേശാണ് കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്ന പ്രഖ്യാപനം ആദ്യം നടത്തിയത്. 36,359 കോടി രൂപയുടെ കടങ്ങളാണ് യു.പി സര്‍ക്കാര്‍ എഴുതിത്തള്ളുന്നത്. തൊട്ടുപിന്നാലെ മഹാരാഷ്ട്രയും മധ്യപ്രദേശും കടങ്ങള്‍ എഴുതിത്തള്ളുമെന്ന പ്രഖ്യാപനവുമായി രംഗത്തെത്തിയിരുന്നു. രണ്ടു ലക്ഷം രൂപ വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്നാണ് അമരീന്ദര്‍ സിങ് നേതൃത്വം നല്‍കുന്ന പഞ്ചാബ് സര്‍ക്കാറിന്റെ പ്രഖ്യാപനം.
എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാട് സംസ്ഥാനങ്ങളുടെ നീക്കത്തിന് തിരിച്ചടിയാകും. കേന്ദ്രത്തിന്റെ സാമ്പത്തിക സഹായമില്ലാതെ ഇത്രയും വലിയ തുകയുടെ കടങ്ങള്‍ എഴുതിത്തള്ളാന്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കഴിയില്ല. അഥവാ എഴുതിത്തള്ളിയാല്‍ സംസ്ഥാനങ്ങള്‍ വന്‍ കടക്കെണിയിലേക്ക് നീങ്ങുകയും ചെയ്യും. കടം എഴുതിത്തള്ളലിനെതിരെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലും മുന്നറിയിപ്പുമായി രംഗത്തെത്തിയിരുന്നു.