ഉത്തര്‍പ്രദേശില്‍ ദിവസങ്ങള്‍ക്ക് മുന്‍പ് കാണാതായ 12കാരിയെ കൊന്ന് കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. ആറു ദിവസങ്ങള്‍ക്കു മുമ്പ് ബുലന്ദ്ശഹറില്‍ നിന്നാണ് പെണ്‍കുട്ടിയെ കാണാതായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഗ്രാമത്തിലെ ഒരു വീടിന് സമീപം കുഴിച്ചിട്ട നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

ഫെബ്രുവരി 25നാണ് പെണ്‍കുട്ടിയെ കാണാതായത്. വീട്ടില്‍ നിന്ന് 10 മീറ്റര്‍ അകലെയുള്ള വയലില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം പണിയെടുക്കുന്നതിനിടെ വെള്ളം കുടുക്കാന്‍ പോയ പെണ്‍കുട്ടിയെ കാണാതാകുകയായിരുന്നു. സഹോദരിമാര്‍ കുട്ടിയെ വിളിച്ചു നോക്കിയെങ്കിലും മറുപടി ഉണ്ടായില്ല. വീട്ടിലേയ്ക്ക് പോയിട്ടുണ്ടാകുമെന്ന് കുടുംബാംഗങ്ങള്‍ കരുതി. വൈകിട്ടോടെ വീട്ടിലെത്തിയപ്പോഴാണ് കുട്ടിയെ കാണാതായെന്ന് വ്യക്തമായത്.

പ്രതിയാണെന്ന് സംശയിക്കുന്ന ഇരുപത്തിരണ്ടുകാരനെ ഹിമാചല്‍ പ്രദേശിലെ ഷിംലയില്‍ നിന്ന് ബുധനാഴ്ച രാവിലെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ വീടിന്റെ ഉടമസ്ഥനെ പോലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളുടെ മകനെയാണ് ഷിംലയില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ഡല്‍ഹിയില്‍ തൊഴിലാളിയായ ഇയാള്‍ സംഭവദിവസം വീട്ടിലുണ്ടായിരുന്നെങ്കിലും സംഭവശേഷം ഒളിവിലായിരുന്നു.