ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനം അടുത്തിരിക്കെ ഭരണകക്ഷിയായ സമാജ് വാദി പാര്‍ട്ടിക്ക് ആശ്വാസമായി എബിപി ന്യൂസ് സര്‍വേഫലം. പാര്‍ട്ടി പിളര്‍പ്പിന്റെ വക്കിലെത്തി നില്‍ക്കുകയാണെങ്കിലും ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ എസ്പി തന്നെ ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന് സര്‍വേ പറയുന്നു. എന്നാല്‍ അടുത്ത സഭ തൂക്കുസഭയാകും.

എസ്പി ഒരുമിച്ച് നിന്ന് തെരഞ്ഞെടുപ്പിനെ നേരിടുകയാണെങ്കില്‍ 141-151 സീറ്റുകള്‍ വരെ നേടാം. ബിജെപിക്ക് 125-133 സീറ്റുകളും ബിഎസ്പിക്ക് 93-103 സീറ്റുകളും നേടാനാവും. കോണ്‍ഗ്രസ് 13-19 സീറ്റുകള്‍ വരെ നേടി നാലാം സ്ഥാനത്തെത്തുമെന്നും സര്‍വേ വ്യക്തമാക്കുന്നു.

എന്നാല്‍ എസ്പിയില്‍ പിളര്‍പ്പുണ്ടാവുകയും കോണ്‍ഗ്രസും അഖിലേഷ് യാദവും സഖ്യമുണ്ടാക്കി മത്സരിക്കുകയും ചെയ്താല്‍ ഇവര്‍ക്ക് 133-143 സീറ്റുകള്‍ വരെ നേടാനാവും. ബിജെപിക്ക് 138-148 സീറ്റുകള്‍ നേടാനാവുമെന്നും സര്‍വേ വ്യക്തമാക്കുന്നു. ബിഎസ്പിക്ക് 105-115 സീറ്റുകളും മുലായത്തിന് 2-8 വരെ സീറ്റുകളും ലഭിക്കാം.

അതേസമയം, എസ്പി വിഘടിക്കുകയും കോണ്‍ഗ്രസുമായി സഖ്യത്തിന് കഴിയാതിരിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ സംസ്ഥാനത്ത് ബിജെപി നേട്ടം കൊയ്യുമെന്നും സര്‍വേ പറയുന്നു. 158-168 വരെ സീറ്റുകള്‍ നേടി ബിജെപി വലിയ കക്ഷിയാകും. അഖിലേഷ് യാദവിന് 82-92 സീറ്റുകളും മുലായത്തിന്റെ കക്ഷിക്ക് 9-15 സീറ്റുകളും ലഭിക്കാം. ബിഎസ്പിക്ക് 110-120 സീറ്റുകള്‍ വരെയും കോണ്‍ഗ്രസിന് 14-20 സീറ്റുകളും ലഭിക്കാമെന്നും സര്‍വേ പറയുന്നു.