ലക്‌നൗ : ട്രെയിന്‍ യാത്രക്കിടെ യു.പി ഫുട്‌ബോള്‍ ടീമിനു നേരെ ആക്രമണം. രണ്ടു കളിക്കാര്‍ ഗുരുതരാവസ്ഥയില്‍ ഏഴു പേര്‍ക്ക് പരിക്ക്. ചൊവാഴ്ച ഉത്തര്‍ പ്രദേശിലെ ഡിയോറിയ ജില്ലയില്‍ വെച്ച് ഒരുസംഘം ട്രെയിന്‍ കയറി യാത്ര ചെയ്തുകൊണ്ടിരുന്ന ഫുട്‌ബോള്‍ താരങ്ങളും പരിശീലകരും അടങ്ങുന്ന ടീമിനു നേരെ ആക്രമണം അഴിച്ചുവിട്ടത്.

ബിഹാറിലെ സമസ്തിപൂറിലെ ടൂര്‍ണ്ണമെന്റ് കഴിഞ്ഞ് ഗോളിയോര്‍-ബറോണി എക്‌സ്പ്രസ്സില്‍ മടങ്ങവെയാണ് ഫുട്‌ബോള്‍ സംഘത്തിനു നേരെ ആക്രമണമുണ്ടായത്. ട്രെയിന്‍ ഡിയോറിയ ജില്ലയിലെത്തിയപ്പോള്‍ ചെറുപ്പാക്കാരുടെ ഒരു സംഘം ഫുട്‌ബോള്‍ ടീം സഞ്ചരിച്ച റിസര്‍വേഷന്‍ കംപാര്‍ട്ട്‌മെന്റില്‍ കയറി വടിയും ഹോക്കി സ്റ്റിക്കുപയോഗിച്ച് മര്‍ദ്ദിക്കുകയായിരുന്നു. അക്രമച്ചതിനു ശേഷം ചെയിന്‍ വലിച്ചു വണ്ടി നിര്‍ത്തി അക്രമികള്‍ ഓടി രക്ഷപ്പെട്ടു. മര്‍ദ്ദനമേറ്റ ഏഴു കളിക്കാരില്‍ ശ്രീവത്സവ, അന്‍ഷുമാന്‍ സോണി എന്നിവര്‍ ഗുരുതരാവസ്ഥയിലാണ്. അക്രമ കാരണം വ്യക്തമല്ല. സംഭവത്തില്‍ റെയില്‍വേ പൊലീസ് കേസെടുത്തു. അക്രമികളെ ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല.