സന്‍ആ: മധ്യ യമനില്‍ അമേരിക്ക നടത്തിയ ഡ്രോണാക്രമണത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. മഅ്‌രിബ് പ്രവിശ്യയിലേക്ക് ആയുധങ്ങള്‍ കടത്തുന്ന കാറിനു നേരെയാണ് ആക്രമണമുണ്ടായതെന്ന് സുരക്ഷാ വൃത്തങ്ങള്‍ പറയുന്നു. അല്‍ഖാഇദയുടെ ഒരു പ്രാദേശിക നേതാവിന്റേതായിരുന്നു കാറെന്നും റിപ്പോര്‍ട്ടുണ്ട്. ശബ്‌വ പ്രവിശ്യയില്‍ അല്‍ഖാഇദ തീവ്രവാദികളെന്ന് കരുതുന്ന മൂന്നുപേര്‍ കൊല്ലപ്പെട്ട ഡ്രോമാക്രമണം നടന്ന് 24 മണിക്കൂറിനുശേഷമാണ് രണ്ടാമത്തെ ആക്രണം നടന്നത്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍ വന്നതിനുശേഷം അമേരിക്ക ഡ്രോണാക്രമണങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്. ഫെബ്രുവരി 28നുശേഷം എഴുപതിലേറെ ഡ്രോമാക്രമണങ്ങള്‍ നടത്തിയെന്ന് യു.എസ് പ്രതിരോധ വിഭാഗം തന്നെ സമ്മതിക്കുന്നു. ജനുവരി 29ന് യമനിലെ യക്‌ല നഗരത്തില്‍ അല്‍ഖാഇദ നേതാവിനെ ലക്ഷ്യമിട്ട് അമേരിക്ക നടത്തിയ ഡ്രോമാക്രമണത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം 16 സാധാരണക്കാര്‍ കൊല്ലപ്പെട്ടിരുന്നു. അമേരിക്ക ലക്ഷ്യമിട്ട വ്യക്തി പിന്നീട് താന്‍ അല്‍ഖാഇദയില്‍ അംഗമല്ലെന്ന് വ്യക്തമാക്കുകയുണ്ടായി.