കാബൂള്‍: കിഴക്കന്‍ അഫ്ഗാനിസ്താനില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ക്കെതിരെ അമേരിക്കന്‍ സൈന്യം ഉപയോഗിച്ചത് യുദ്ധചരിത്രത്തിലെ തന്നെ ഏറ്റവും കടുപ്പമേറിയ ആയുധം. 22,000 പൗണ്ട് (10,000 കിലോഗ്രാം) ഭാരമുള്ള ജി.ബി.യു – 43 എന്ന ബോംബ് ആണവായുധങ്ങളൊഴികെ യുദ്ധങ്ങളില്‍ ഇതുവരെ ഉപയോഗിച്ചവയില്‍ വെറ്റ് ഏറ്റവും ശക്തിയേറിയതാണ്. തുരങ്കങ്ങളും ബങ്കറുകളും ഉപയോഗിക്കുന്ന ഐ.എസിനെ നേരിടാന്‍ ഏറ്റവും അനുയോജ്യമായ ആയുധം തന്നെയാണിതെന്ന് അഫ്ഗാനിലെ യു.എസ് സൈനിക കമാന്റര്‍ ജനറല്‍ ജോണ്‍ നിക്കോള്‍സന്‍ പറഞ്ഞു.

2003-ലെ ഇറാഖ് അധിനിവേശത്തിന്റെ തുടക്ക ഘട്ടത്തില്‍ ഉപയോഗിച്ച മൊത്തം ബോംബുകളുടെ ശേഷിയുള്ളതാണ് വ്യാഴാഴ്ച പ്രയോഗിച്ച ജി.ബി.യു – 43. സാധാരണ ഗതിയില്‍ 250 മുതല്‍ 2,000 വരെ പൗണ്ട് ഭാരമുള്ള ബോംബുകളാണ് യു.എസ് യുദ്ധവിമാനങ്ങള്‍ വര്‍ഷിക്കാറുള്ളത്. സിവിലിയന്മാര്‍ക്ക് അപകടം പറ്റാതിരിക്കാന്‍ പ്രത്യേക മുന്‍കരുതല്‍ എടുത്തിരുന്നുവെന്ന് പെന്റഗണ്‍ പറഞ്ഞു. അതേസമയം, ഇത്രയും വലിയ ആക്രമണം നടത്താനുള്ള പ്രചോദനം എന്തെന്ന് വ്യക്തമല്ല. ഭൂഗര്‍ഭ താവളങ്ങള്‍ തകര്‍ക്കാനുള്ള ശേഷി ഈ ബോംബിനുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടില്ല.

അഫ്ഗാനില്‍ സൈന്യത്തിന് സമ്പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്നും അതുകൊണ്ടാണ് അവരുടെ പ്രവര്‍ത്തനങ്ങള്‍ വിജയകരമാകുന്നതെന്നും യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.

അചിന്‍ ജില്ലയിലെ മൊമാന്ദ് ദാര മേഖലയിലാണ് ബോംബ് വര്‍ഷിച്ചത്. അത്യുച്ചത്തിലുള്ള ശബ്ദവും മേഖലയിലെ മൊത്തം വലയം ചെയ്യുന്ന വിധത്തില്‍ തീജ്വാലകളും ഉണ്ടായതായി ജില്ലാ ഗവര്‍ണര്‍ ഇസ്മായില്‍ ഷന്‍വരി പറഞ്ഞു. ഐ.എസിന്റെ ശക്തികേന്ദ്രമായതിനാല്‍ നിരവധി ഭീകരര്‍ കൊല്ലപ്പെട്ടിട്ടുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.