കൊറോണവൈറസിന്റെ രണ്ടാം വരവില്‍ ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ വന്‍ പ്രതിസന്ധി നേരിടുകയാണ്. രോഗികളുടെ എണ്ണം ദിവസവും കൂടിവരികയാണ്. അതേസമയം, വാക്‌സീന്‍ സ്വീകരിച്ചവരിലെ അണുബാധനിരക്ക് കുത്തനെ കുറഞ്ഞുവെന്നത് ആശ്വാസം നല്‍കുന്ന വാര്‍ത്തയാണ്. ഒരു ഡോസ് വാക്‌സീന്‍ സ്വീകരിച്ചവരില്‍ അണുബാധനിരക്ക് 65% കുറഞ്ഞുവെന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ഓക്‌സ്ഫഡ് / അസ്ട്രസെനെക്ക, ബയോ ടെക് / ഫൈസര്‍ എന്നിവയുടെ ഒരു ഡോസ് വാക്‌സീന്‍ സ്വീകരിച്ചവരില്‍ കൊറോണ വൈറസ് അണുബാധയുടെ തോത് 65 ശതമാനം കുറയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് പുതിയ പഠനങ്ങള്‍ അവകാശപ്പെടുന്നത്.
അതിവേഗം വാക്‌സീനേഷന്‍ നടത്തിയ രാജ്യങ്ങളിലെല്ലാം കോവിഡ് രോഗികളുടെ എണ്ണം കുത്തനെ കുറഞ്ഞുവെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ബ്രിട്ടനിലെ വാക്‌സീനേഷന്‍ പഠനങ്ങള്‍ പ്രകാരം കോവിഡ് കേസുകള്‍ ഗണ്യമായി കുറഞ്ഞുവെന്ന് കണ്ടെത്തി. ബ്രിട്ടനില്‍ ആദ്യ ഡോസ് അസ്ട്രാസെനെക്ക, ഫൈസര്‍ വാക്‌സീന്‍ നല്‍കിയതിനു ശേഷം എല്ലാ പ്രായത്തിലുമുള്ള മുതിര്‍ന്നവര്‍ക്കിടയില്‍ കോവിഡ് കേസുകള്‍ 65 ശതമാനം കുറഞ്ഞു. ഇത് മഹാമാരിക്കെതിരായ രോഗപ്രതിരോധ ക്യാംപെയ്‌നിന്റെ വിജയമാണ് കാണിക്കുന്നതെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു.
കൊറോണ വൈറസിന്റെ പുതിയ വകഭേദം ബി1.1.7 ബ്രിട്ടനില്‍ കണ്ടെത്തിയ സമയത്താണ് ഈ ഗവേഷണം നടത്തിയത്. മുന്‍ വൈറസുകളെ അപേക്ഷിച്ച് 50 മുതല്‍ 100 ശതമാനം വരെ വ്യാപനശേഷി കൂടിയതാണ് ബി1.1.7 വകഭേദം. എന്നാല്‍ ഈ സമയത്തും പ്രായമായവരിലും ആരോഗ്യസ്ഥിതി കുറവുള്ളവരിലും വാക്‌സീനേഷന്‍ ഫലപ്രദമായിരുന്നു എന്നും കണ്ടെത്തി.
ഈ കണ്ടെത്തലുകള്‍ ലോകത്തിനു തന്നെ അങ്ങേയറ്റം പ്രതീക്ഷ നല്‍കുന്നതാണെന്ന് ബ്രിട്ടിഷ് ആരോഗ്യമന്ത്രി ജെയിംസ് ബെഥേല്‍ ഒരു പ്രസ്താവനയില്‍ പറഞ്ഞു. 2020 ഡിസംബര്‍ 1 നും 2021 ഏപ്രില്‍ 3 നും ഇടയില്‍ 373,402 വ്യക്തികളുടെ മൂക്ക്, തൊണ്ടകളില്‍ നിന്നെടുത്ത സ്വാബുകളുടെ 16 ലക്ഷത്തിലധികം പരിശോധനാ ഫലങ്ങളാണ് ഗവേഷകര്‍ വിശകലനം ചെയ്തത്. അസ്ട്രാസെനെക്ക, ഫൈസര്‍-ബയോടെക് വാക്‌സീനുകളുടെ ഒരു ഡോസ് നല്‍കി 21 ദിവസത്തിനുശേഷം, രണ്ടാമത്തെ ഡോസ് നല്‍കാതെ തന്നെ എല്ലാ പുതിയ കോവിഡ്-19 കേസുകളുടെയും നിരക്ക് 65 ശതമാനം കുറഞ്ഞുവെന്നാണ് കണ്ടെത്തിയത്.
രോഗലക്ഷണം കാണിക്കുന്ന കേസുകള്‍ 74 ശതമാനം കുറയുകയും, റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത ലക്ഷണങ്ങളില്ലാത്ത കേസുകള്‍ 57 ശതമാനം കുറയുകയും ചെയ്തു. മൊത്തത്തിലുള്ള കേസുകളിലെയും രോഗലക്ഷണം കാണിക്കുന്ന കേസുകളിലെയും കുറവ് രണ്ടാമത്തെ ഡോസിന് ശേഷം ഇതിലും മികച്ചതായിരുന്നു, ഇത് യഥാക്രമം 70 ശതമാനം, 90 ശതമാനം എന്നിങ്ങനെയായിരുന്നു എന്നും പഠനം കണ്ടെത്തി.
Be the first to write a comment.