അഷ്‌റഫ് വേങ്ങാട്ട്

റിയാദ്: പാശ്ചാത്യ രാജ്യങ്ങളിൽ ഭീതി പരത്തിയ കോവിഡ് ഭീഷണിയെ തുടർന്ന് ഒരാഴ്ചത്തേക്ക് ഏർപ്പെടുത്തിയ അന്താരാഷ്ട്ര യാത്രാവിലക്കിനെ തുടർന്ന് സഊദിയിൽ നിന്ന് ഇന്ത്യയിലേക്കുള്ള ഇന്നത്തെ ചാര്‍ട്ടേഡ്, വന്ദേഭാരത് വിമാനസര്‍വീസുകള്‍ റദ്ദാക്കി. ഷെഡ്യൂള്‍ ചെയ്ത് രാത്രിയും രാവിലെയുമായി സഊദിയിലെ വിമാനത്താവളങ്ങളിൽ എത്തിയ വിമാനങ്ങള്‍ യാത്രക്കാരുമായി തിരിച്ചുപോയി. എല്ലാ പൊതു യാത്രാ സര്‍വീസ് വിമാനങ്ങളും അടുത്ത അറിയിപ്പ് വരെ സഊദിയിൽ ലാന്റ് ചെയ്യാന്‍ അനുമതി നൽകില്ലെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

റിയാദില്‍ നിന്ന് ചെന്നൈയിലേക്കുള്ള സഊദി എയര്‍ലൈന്‍സും ഡല്‍ഹി- ലക്‌നോയിലേക്കുള്ള ഗോ എയറും തിരുവനന്തപുരത്തേക്കുള്ള സ്‌പേസ് ജറ്റും റദ്ദാക്കിയവയില്‍ പെടും. എന്നാല്‍ വന്ദേഭാരത് വിമാനങ്ങള്‍ ഇന്ന് സര്‍വീസ് നടത്തുന്നില്ല. അടുത്ത ദിവസങ്ങളിലെ സര്‍വീസ് ബന്ധപ്പെട്ടവരുമായി ആലോചിച്ച ശേഷം തീരുമാനിക്കുമെന്ന് എയര്‍ ഇന്ത്യ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

സഊദിയിലേക്കുള്ള മറ്റു വിദേശവിമാന കമ്പനികളെല്ലാം സര്‍വീസ് റദ്ദാക്കിയിട്ടുണ്ട്. പല കമ്പനികള്‍ക്കും കഴിഞ്ഞ ദിവസങ്ങളിലാണ് ഷെഡ്യൂള്‍ ലഭിച്ചിരുന്നത്. ഇതുമൂലം ദുബായ് വഴി സഊദിയിലേക്ക് തിരിച്ച നിരവധി പേർ അവൈഡ് കുടുങ്ങി കിടക്കുകയാണ്. വിമാനങ്ങളുടെ സർവീസ് നിർത്തിവെച്ചിരിക്കുന്നത് ഒരാഴ്ചത്തേക്കാണെങ്കിലും അത് നീണ്ടുപോകുമോയെന്ന കടുത്ത ആശങ്കയിലാണ് പ്രവാസികൾ.