കൊച്ചി: വരാപ്പുഴ ശ്രീജിത്ത് കൊലക്കേസില്‍ കൈക്കൂലി വാങ്ങിയ പൊലീസ് ഡ്രൈവര്‍ അറസ്റ്റില്‍. വരാപ്പുഴ പൊലീസ് കസ്റ്റഡിയിലിരിക്കെ ശ്രീജിത്തിനെ ആശുപത്രിയില്‍ കൊണ്ടുപോവാന്‍ ബന്ധുക്കളില്‍ നിന്ന് കൈക്കൂലി വാങ്ങിയ പൊലീസ് ഡ്രൈവര്‍ പ്രദീപ് കുമാറാണ് അറസ്റ്റിലായത്. പറവൂര്‍ സി.ഐ ആയിരുന്ന ക്രിസ്പിന്‍ സാമിന്റെ ഡ്രൈവറായിരുന്നു പ്രദീപ് കുമാര്‍. ക്രിസ്പിന്‍ സാമിന് നല്‍കാനാണെന്ന് പറഞ്ഞാണ് ഇയാള്‍ പണം വാങ്ങിയത്.

ശ്രീജിത്തിനെ ആശുപത്രിയിലെത്തിക്കാനായി 25,000 രൂപയാണ് പ്രദീപ് ആവശ്യപ്പെട്ടത്. ബന്ധുക്കള്‍ 15000 രൂപ പ്രദീപിന് കൈമാറിയിരുന്നു. എന്നാല്‍ ശ്രീജിത്ത് മരിച്ചതോടെ ഇയാള്‍ പണം തിരിച്ചു നല്‍കി. സംഭവം വിവാദമായതോടെ പ്രദീപിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു.