കൊച്ചി: വരാപ്പുഴ കസ്റ്റഡി കൊലക്കേസിലെ പ്രതി എസ്.ഐ ദീപക്കിനെതിരെ വനിതാ മജിസ്‌ട്രേറ്റിന്റെ മൊഴി. മുമ്പ് പല കേസുകളിലെയും പ്രതികളെ എസ്‌ഐ ദീപക് ക്രൂരമായി മര്‍ദ്ദിച്ചിട്ടുണ്ടെന്നും ഇയാള്‍ നിരന്തര പ്രശ്‌നക്കാരനാണെന്നുമാണ് മജിസ്‌ട്രേറ്റ് എം.സ്മിത ഹൈക്കോടതി വിജിലന്‍സിന് മൊഴി നല്‍കിയത്.

സുപ്രീം കോടതിയുടെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായി ഇയാള്‍ പ്രതികളെ അറസ്റ്റ് ചെയ്യുന്നത് പതിവായിരുന്നു. ഇക്കാര്യത്തിന് എസ്‌ഐയ്ക്ക് പലതവണ താന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും മജിസ്‌ട്രേറ്റിന്റെ മൊഴിയില്‍ വിശദീകരിച്ചു.

മജസ്‌ട്രേറ്റിന്റെ മൊഴി ശ്രീജിത്തിന്റെ കസ്റ്റഡി മരണക്കേസില്‍ നിര്‍ണായകമാകും. കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം മജിസ്‌ട്രേറ്റിന്റെ മൊഴി രേഖപ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്. അവധിയിലുണ്ടായിരുന്ന എസ്‌ഐ ദീപക് ശ്രീജിത്തിനെ പിടികൂടിയ ദിവസം സ്‌റ്റേഷനിലെത്തിയതായി ഐ.ജി ശ്രീജിത്തിന്റെ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ദീപക് ശ്രീജിത്തിനെ മര്‍ദ്ദിച്ചതായ തെളിവ് നേരത്തെ ലഭിച്ചിരുന്നു.