ജിദ്ദ: വത്തിക്കാന്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് കര്‍ദിനാള്‍ പിയട്രോ പരോലിന്‍ മക്കയില്‍ മുസ്‌ലിം വേള്‍ഡ് ലീഗ് സെക്രട്ടറി ജനറല്‍ മുഹമ്മദ് ബിന്‍ അബ്ദുല്‍ കരീം അല്‍ ഇസ്സയെ സന്ദര്‍ശിച്ചു. വത്തിക്കാനുമായി ബന്ധം സൂക്ഷിക്കുകയും തീവ്രവാദത്തിനെതിരെ ശക്തമായ നിലപാടെടുക്കുകയും ചെയ്യുന്ന മുസ്‌ലിം വേള്‍ഡ് ലീഗിനെ കര്‍ദിനാള്‍ പ്രശംസിച്ചു. ഇസ്‌ലാമും ക്രിസ്തുമതവും തമ്മിലുള്ള സുഹൃദ് സംവാദം തുടങ്ങുന്നതിനുള്ള സന്നദ്ധത ഇരുവരും അറിയിച്ചു.

മതത്തിന്റെ പേരില്‍ തീവ്രവാദികള്‍ അക്രമങ്ങള്‍ നടക്കുന്ന കാലത്ത് ഇരു മതവിഭാഗങ്ങളും തമ്മിലുള്ള സംഭാഷണം അനിവാര്യമാണെന്ന് കര്‍ദിനാള്‍ പറഞ്ഞു. കഴിഞ്ഞ സെപ്തംബറില്‍ മുഹമ്മദ് അല്‍ ഇസ്സയും വത്തിക്കാനിലെ പോപ്പും തമ്മില്‍ നടന്ന സംഭാഷണം ചരിത്രപരമായിരുന്നുവെന്നും അദ്ദേഹം അനുസ്മരിച്ചു. വത്തിക്കാനും മുസ്ലിം വേള്‍ഡ് ലീഗും തമ്മില്‍ ബന്ധം തുടരേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ അദ്ദേഹം നിര്‍മാണാത്മകമായ സംഭാഷണം അത്യാവശ്യമാണെന്നും ചൂണ്ടിക്കാട്ടി.

ചരിത്രത്തില്‍ നിന്നുള്ള പാഠങ്ങള്‍ ഉള്‍ക്കൊണ്ട് ഭാവി തലമുറകളില്‍ അവബോധം സൃഷ്ടിക്കണമെന്ന് അല്‍ ഇസ്സ പറഞ്ഞു. അഭിപ്രായ, വിശ്വാസ വ്യത്യാസങ്ങളെ മുസ്ലിംകളും ക്രിസ്ത്യാനികളും പരസ്പരം ബഹുമാനിക്കണം. സംവാദങ്ങളുടെയും മറ്റുള്ളവരെ സ്വീകരിക്കാനുള്ള മനോഭാവത്തിന്റെയും അഭാവമാണ് തീവ്രവാദത്തിനും അക്രമങ്ങള്‍ക്കുമുള്ള വാതില്‍ തുറക്കുന്നത്. – അല്‍ ഇസ്സ പറഞ്ഞു. ഇസ്ലാമും ഭീകരവാദവും തമ്മില്‍ ബന്ധമില്ലെന്ന വത്തിക്കാന്റെ പ്രസ്താവയെ അദ്ദേഹം പ്രശംസിച്ചു.