കഴിഞ്ഞ വര്‍ഷം മുതല്‍ പുതുതായി നിരത്തുകളില്‍ എത്തുന്ന വാഹനങ്ങളില്‍ ഹൈ സെക്യൂരിറ്റി നമ്പര്‍ പ്ലേറ്റുകള്‍ നിര്‍ബന്ധമാക്കിയിരുന്നു. മാറ്റി സ്ഥാപിക്കാന്‍ കഴിയാത്തതും ഇളക്കി മാറ്റാന്‍ സാധിക്കാത്തതുമായി ഇത്തരം പ്ലേറ്റുകള്‍ ഡീലര്‍മാരാണ് വാഹനങ്ങളില്‍ ഘടിപ്പിക്കുന്നത്.
ക്രിമിനല്‍ പ്രവര്‍ത്തികള്‍ക്കായി വാഹനങ്ങള്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഈ കാലഘട്ടത്തില്‍, ഹൈ സെകൂരിറ്റി രജിസ്‌ട്രേഷന്‍ നമ്പര്‍ പ്ലേറ്റ് വാഹനത്തോളം പ്രധാന്യമുള്ള ഭാഗമാണ്. അത് ഇളക്കി മാറ്റുന്നതും നിയമ വിരുദ്ധമായ മാറ്റങ്ങള്‍ വരുത്തുന്നതും ഗുരുതര കുറ്റകൃത്യമാണ്.

ഹൈ സെക്യൂരിറ്റി നമ്പര്‍ പ്ലേറ്റിനെ കുറിച്ച് മോട്ടോര്‍ വാഹന വകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ ശ്രദ്ധിക്കുക.
2019 ഏപ്രില്‍ ഒന്നു മുതലുള്ള എല്ലാ വാഹനങ്ങളിലും ഹൈ സെക്യൂരിറ്റി രജിസ്‌ട്രേഷന്‍ പ്ലേറ്റ് (HSRP) നിര്‍ബന്ധമാണ്.
ഈ വാഹനങ്ങള്‍ക്കുള്ള HSRP വാഹന ഡീലര്‍ അധിക ചാര്‍ജ് ഈടാക്കാതെ നിങ്ങള്‍ക്ക് നല്‍കി വാഹനത്തില്‍ ഘടിപ്പിച്ചു തരേണ്ടതാണ്.
അഴിച്ചു മാറ്റാന്‍ കഴിയാത്ത വിധം റിവെട്ട് ഫിറ്റിങ് വഴിയാണ് ഇത് വാഹനത്തില്‍ പിടിപ്പിച്ചു നല്‍കുന്നത്. ശ്രദ്ധിക്കുക ഡീലര്‍ ഉപയോക്താക്കള്‍ക്ക് ഘടിപ്പിച്ച് നല്‍കേണ്ടതാണ്.

ഇരുചക്ര വാഹനങ്ങളില്‍ മുന്നിലും പിറകിലുമായി രണ്ട് HSRPകള്‍ ഉണ്ടാകും. അതേസമയം കാറുകള്‍ മുതലുള്ള വാഹനങ്ങളില്‍ ഈ രണ്ടിനു പുറമെ വിന്‍ഡ് സ്‌ക്രീനില്‍ പതിപ്പിക്കാന്‍ തേര്‍ഡ് നമ്പര്‍ പ്ലേറ്റ്/സ്റ്റിക്കറും ഉണ്ടാകും.
മുന്നിലെയും പിന്നിലെയും നമ്പര്‍ പ്ലേറ്റുകള്‍ക്ക് പ്രത്യേകം സീരിയല്‍ നമ്പര്‍ കാണും. ഇത് വാഹന്‍ സൈറ്റില്‍ വേര്‍തിരിച്ചു രേഖപ്പെടുത്തിയിരിക്കും.
ഒരു വാഹനത്തില്‍ പിടിപ്പിച്ചിട്ടുള്ള HSRP യാതൊരു കാരണവശാലും ഇളക്കി മാറ്റാനോ മറ്റു വാഹനങ്ങളില്‍ പിടിപ്പിക്കുവാനോ പാടുള്ളതല്ല.

അപകടങ്ങളോ മറ്റേതെങ്കിലും കാരണങ്ങളാലോ HSRPക്ക് കേടുപാടുകള്‍ പറ്റിയാല്‍, ആ കേടുപറ്റിയ HSRP ഡീലര്‍ഷിപ്പില്‍ തിരികെ നല്‍കി പുതിയ HSRP വാങ്ങാം. ഇതിന് വില നല്‍കേണ്ടതാണ്. ഇങ്ങനെ കേടുപറ്റി തിരികെ വന്ന HSRPകളെ കുറിച്ചുള്ള തെളിവു സഹിതമുള്ള രേഖകള്‍ സൂക്ഷിക്കേണ്ട ഉത്തരവാദിത്വവും വാഹന്‍ സൈറ്റില്‍ ഈ വിവരങ്ങള്‍ ഉള്‍ക്കൊള്ളിക്കേണ്ട ഉത്തരവാദിത്വവും അതത് ഡീലര്‍/ HSRP ഇഷ്യൂയിംഗ് ഏജന്‍സിക്കാണ്.
ടു വീലറില്‍ ഏതെങ്കിലും ഒരു HSRPക്ക് മാത്രമാണ് കേടുപറ്റിയതെങ്കില്‍ ആ ഒരെണ്ണം മാത്രമായി തിരികെ നല്‍കി മാറ്റി വാങ്ങാവുന്നതാണ്. ആ ഒരെണ്ണത്തിന്റെ വില മാത്രം നല്‍കിയാല്‍ മതിയാകും.

കാര്‍ മുതലുള്ള വാഹനങ്ങളിലും ആവശ്യമെങ്കില്‍ ഒരു നമ്പര്‍ പ്ലേറ്റ് മാത്രമായി മാറ്റി വാങ്ങാവുന്നതാണ്. എന്നാല്‍, ഇവിടെ അത്തരം സാഹചര്യത്തില്‍ ഒരെണ്ണത്തിന്റെ കൂടെ വിന്‍ഡ് സിക്രീനില്‍ പതിപ്പിക്കേണ്ട തേര്‍ഡ് നമ്പര്‍ പ്ലേറ്റ് / സ്റ്റിക്കറും കൂടെ വാങ്ങേണ്ടതാണ്. തേര്‍ഡ് നമ്പര്‍ പ്ലേറ്റ് / സ്റ്റിക്കര്‍ കേടായാല്‍ അത് മാത്രമായും മാറ്റി വാങ്ങാവുന്നതാണ്.
ഏതെങ്കിലും സാഹചര്യത്തില്‍ ഇത്തരം നമ്പര്‍ പ്ലേറ്റ് നഷ്ടപ്പെട്ടാല്‍, ഉടന്‍ തന്നെ ആ വിവരം പോലീസിലറിയിച്ച് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ആ എഫ്.ഐ.ആര്‍ പകര്‍പ്പുള്‍പ്പെടെ നല്‍കിയാല്‍ മാത്രമേ പുതിയ ഹൈ സെകൂരിറ്റി രജിസ്‌ട്രേഷന്‍ നമ്പര്‍ പ്ലേറ്റ് നല്‍കുകയുള്ളൂ.