ന്യൂഡല്‍ഹി: മാധവിക്കുട്ടി(കമല സുരയ്യ)യുടെ ജീവിതകഥ പറയുന്ന ആമി സിനിമയുടെ പശ്ചാത്തലത്തില്‍ വിവാദ പരാമര്‍ശം നടത്തിയ സംവിധായകന്‍ കമലിനെതിരെ നടി വിദ്യാബാലന്‍ രംഗത്ത്. കമലിന്റെ പ്രസ്താവന മറുപടി അര്‍ഹിക്കാത്തതാണെന്ന് വിദ്യാബാലന്‍ പറഞ്ഞു. ‘മറുപടി അര്‍ഹാത്തതാണ് കമലിന്റെ പ്രസ്താവന. ഇത്തരം പരാമര്‍ശം കൊണ്ട് അദ്ദേഹം എന്താണ് ഉദ്ദേശിച്ചതെന്ന് അറിയില്ല. കമലിന് മറുപടി നല്‍കാന്‍ ഉദ്ദേശമില്ല. പ്രത്യേകിച്ച് ഞാന്‍ എല്ലാം അവസാനിപ്പിച്ച സ്ഥിതിക്ക്’, ഇതായിരുന്നു വിദ്യായുടെ മറുപടി.
ആമിയെ വിദ്യ അവതരിപ്പിച്ചിരുന്നെങ്കില്‍ ലൈംഗികത കടന്നു വരുമായിരുന്നുവെന്നായിരുന്നു കമലിന്റെ പ്രസ്താവന. വിദ്യക്കു വേണ്ടി നിശ്ചയിച്ച മാധവിക്കുട്ടിയെയല്ല മഞ്ജു ചെയ്തിരിക്കുന്നത്. മഞ്ജുവാര്യര്‍ ആയതിനാല്‍ നാടന്‍ സ്ത്രീയെ അവതരിപ്പിക്കാനായി. അന്താരാഷ്ട്രതലത്തില്‍ വരെ ശ്രദ്ധിക്കപ്പെട്ട സ്ത്രീയായിരുന്നെങ്കിലും അടിസ്ഥാനപരമായി അവര്‍ സാധാരണ ഒരു മലയാളി സ്ത്രീ ആയിരുന്നു. കഥ മനസ്സില്‍ തെളിഞ്ഞപ്പോള്‍ തന്നെ മഞ്ജുവിന്റെ പേരാണ് ആമിക്കു വേണ്ടി കരുതിയത്. എന്നാല്‍ രണ്ടു ദിവസത്തിനുള്ളില്‍ മഞ്ജു കഥാപാത്രത്തെ ഉള്‍ക്കൊണ്ടു. ചിത്രീകരണത്തെക്കുറിച്ച് ആലോചിക്കുമ്പോള്‍ വിദ്യ പിന്മാറിയത് അനുഗ്രഹമായി തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. കമല സുരയ്യയിലേക്കുള്ള കഥാനായികയുടെ മാറ്റം അംഗീകരിക്കാന്‍ വര്‍ഗീയ ഫാസിസ്റ്റുകള്‍ക്കാവില്ലെന്നും എന്നാല്‍ മാധവിക്കുട്ടിയുടെ ജീവിതം പറയുമ്പോള്‍ അത് മാറ്റി നിര്‍ത്താനാവില്ലെന്നുമായിരുന്നു കമലിന്റെ പ്രസ്താവന.