കൊച്ചി: ചലച്ചിത്ര അക്കാദമിയില്‍ ഇടതുപക്ഷ അനുഭാവികളെ സ്ഥിരപ്പെടുത്താന്‍ ചെയര്‍മാനും സംവിധായകനുമായ കമലിന്റെ നീക്കം. അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമലാണ് നാല് ഇടതുപക്ഷ സ്വഭാവമുള്ള ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കത്ത് മന്ത്ര എകെ ബാലന് കൈമാറിയത്. ഇതിന്റെ പകര്‍പ്പ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയില്‍ പുറത്തുവിട്ടു.

കഴിഞ്ഞ ഓഗസ്റ്റ് മാസമാണ് കമല്‍ ഇത്തരമൊരു കത്ത് മന്ത്രിക്ക് നല്‍കിയത്. ഷാജി എച്ച്. (ഡെപ്യൂട്ടി ഡയറക്ടര്‍, ഫെസ്റ്റിവല്‍), റിജോയ് കെ.ജെ. (പ്രോഗ്രാം മാനേജര്‍, ഫെസ്റ്റിവല്‍), എന്‍.പി. സജീഷ് (ഡെപ്യൂട്ടി ഡയറക്ടര്‍, പ്രോഗ്രാംസ്), വിമര്‍ കുമാര്‍ വി. പി. (പ്രോഗ്രാം മാനേജര്‍, പ്രോഗ്രാംസ്) എന്നിവരെ സ്ഥിരപ്പെടുത്തണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സ്ഥിരപ്പെടുത്തുന്നതിനുള്ള കാരണങ്ങളുടെ കൂട്ടത്തില്‍ രണ്ടാം പേജിലെ അഞ്ചാം ഖണ്ഡികയിലാണ് ഇവരുടെ ഇടതുപക്ഷ ബന്ധം വിവരിച്ചിരിക്കുന്നത്.

ഇടതുപക്ഷ അനുഭാവികളും ഇടതുപക്ഷ പുരോഗമന മൂല്യങ്ങളില്‍ ഊന്നിയ സാംസ്‌കാരിക പ്രവര്‍ത്തന രംഗത്ത് നിലകൊള്ളുന്നവരുമാണ് ഈ ജീവനക്കാര്‍. കേരളത്തിലെ സാംസ്‌കാരിക സ്ഥാപനങ്ങളില്‍ സമുന്നതമായ സ്ഥാനമുള്ള ചലച്ചിത്ര അക്കാദമിയുടെ ഇടതുപക്ഷ സ്വഭാവം നിലനിര്‍ത്തുന്നതിന് ഇത് സാഹയകരമായിരിക്കുമെന്നാണ് കമല്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നത്.

കത്തില്‍ ഉന്നയിച്ച കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ നേതാവ് സഭയില്‍ പ്രതിഷേധം അറിയിച്ചത്. ഇടതുപക്ഷ സ്വഭാവമുള്ളവരെ തിരുകിക്കയറ്റുന്നത് നഗ്നമായ ചട്ടലംഘനമാണെന്ന് ചെന്നിത്തല പറഞ്ഞു. ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് കമല്‍ എല്ലാ മാനുഷിക മൂല്യങ്ങളും ലംഘിച്ചാണ് അക്കാദമിയില്‍ സ്ഥിര നിയമനം നല്‍കിയതെന്ന് കെഎസ് ശബരീനാഥനും പ്രതികരിച്ചു. പിഎസ്‌സി ജോലി കിട്ടാതെ യുവാക്കള്‍ ആത്മഹത്യ ചെയ്യുമ്പോള്‍, ലക്ഷക്കണക്കിന് യുവാക്കള്‍ തെരുവുകളില്‍ അലയുമ്പോള്‍ ഭരണകര്‍ത്താക്കളെ പ്രീതിപ്പെടുത്തുവാന്‍ വേണ്ടി ഏതറ്റം വരെയും താഴുന്ന ഈ മോഡല്‍ സാംസ്‌കാരിക നായകര്‍ കേരളത്തിന് അപമാനമാണെന്നും ശബരിനാഥന്‍.