തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ മുന്‍ മന്ത്രിയും കേന്ദ്രകമ്മിറ്റി അംഗവുമായ ഇ.പി ജയരാജനെ ഒന്നാം പ്രതിയാക്കി എഫ്.ഐ.ആര്‍. ജയരാജന് എതിരെയുള്ള ത്വരിതാന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. രണ്ടാം പ്രതി മുന്‍ ആരോഗ്യ മന്ത്രിയും എം.പി യുമായ പി.കെ ശ്രീമതിയുടെ മകന്‍ സുധീര്‍ നമ്പ്യാരാണ്. വ്യവസായ വകുപ്പ് സെക്രട്ടറി പോള്‍ ആന്റണിയാണ് മൂന്നാം പ്രതി. വിശദമായ അന്വേഷണം വേണമെന്നും വിജിലന്‍സ് കോടതിയില്‍ ആവശ്യപ്പെട്ടു. പലവട്ടം സമയം നീട്ടിച്ചോദിച്ചതിന് ശേഷമാണ് വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്.

നേരത്തെ സംസ്ഥാന സര്‍ക്കാറിലുള്ള ഉന്നതര്‍ക്കെതിരായ അന്വേഷണം വൈകുന്നുവെന്ന് കോടതി വിജിലന്‍സിനെ വിമര്‍ശിച്ചിരുന്നു. പിന്നാലെയാണ് ജയരാജന് എതിരെയുള്ള ത്വരിതാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് എന്നതും ശ്രദ്ധേയാണ്. ജയരാജനെ മന്ത്രിസ്ഥാനം തെറിപ്പിച്ച വിവാദമാണ് ബന്ധുനിയമനം. പി.കെ ശ്രീമതി എം.പി യുടെ മകന്‍ സുധീര്‍ നമ്പ്യാരെ പൊതുമേഖലാ സ്ഥാപനമായ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ ഡയറക്ടറായി നിയമിച്ചതാണ കേസിനാദാരം. വിജിലന്‍സ് കേസെടുത്തതിന് പിന്നാലെ ജയരാജന്‍ മന്ത്രിസ്ഥാനം രാജിവെച്ചിരുന്നു.

സി.പി.എമ്മിന്റെ കേന്ദ്ര കമ്മിറ്റി, പോളിറ്റ് ബ്യൂറോ യോഗം തിരുവനന്തപുരത്ത് ചേരുന്നതിനിടെയാണ് കേന്ദ്രകമ്മിറ്റി അംഗത്തെ ഒന്നാം പ്രതിയാക്കി എഫ്.ഐ.ആര്‍ സമര്‍പ്പിക്കുന്നത്. ഇനി ഈ വിഷയത്തില്‍ കേന്ദ്രകമ്മിറ്റി തീരുമാനം നിര്‍ണായകമാവും. മകന്‍ കൂടി പ്രതിസ്ഥാനത്ത് വരുന്നത് പി.കെ ശ്രീമതിയുടെ നിലയും പരുങ്ങലിലാകും.