മലയാള സിനിമാഗാനരംഗത്ത് ഒട്ടേറെ ഹിറ്റുഗാനങ്ങള്‍ സമ്മാനിച്ച ഗായകനാണ് വിജയ് യേശുദാസ്. മലയാളത്തില്‍ പാട്ടുകള്‍ പാടി ഹിറ്റാക്കുമ്പോഴും മലയാളം വ്യക്തമായി അറിയില്ലെന്നാണ് വിജയ് പറയുന്നത്. മലയാളത്തിലെ വരികള്‍ ഇംഗ്ലീഷില്‍ എഴുതിയെടുത്താണ് പാടുന്നതെന്ന് വിജയ് പറയുന്നു. ഒരു മലയാളം മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് വിജയ് യേശുദാസിന്റെ വെളിപ്പെടുത്തല്‍.

മലയാളം കുറേയൊക്കെ വായിക്കാനറിയാം. എന്നാല്‍ വേഗത കുറവാണ്. റെക്കോര്‍ഡിംഗ് ആകുമ്പോള്‍ കുറച്ചുകൂടി വേഗത്തില്‍ എഴുതിയെടുത്ത് പാട്ടുപഠിക്കേണ്ടതായിവരും. അതൊല്ലാം മാറ്റണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹമുണ്ടെന്നും വിജയ് പറയുന്നു.

തമിഴും ഹിന്ദിയുമൊക്കെ നന്നായി പഠിക്കണം. തെലുങ്കില്‍ അര്‍ത്ഥം മനസ്സിലാക്കി പാടാന്‍ ശ്രമിക്കാറുണ്ട്. ഒരുപാട് അനുഭവങ്ങളിലൂടെ കടന്നുപോയതിന്റെ ഫലമാണ് ഇപ്പോള്‍ കിട്ടുന്ന ഈ നല്ല പാട്ടുകള്‍. ഇപ്പോഴാണ് തിളങ്ങിത്തുടങ്ങിയത്. മലയാളത്തില്‍ മികച്ച സംഗീതസംവിധായകരുടെ അവസരങ്ങള്‍ തേടിയെത്തുന്നു. രണ്ട് സംസ്ഥാന അവാര്‍ഡുകള്‍ ലഭിച്ചു. എല്ലാം ദൈവാനുഗ്രഹമാണെന്നും വിജയ് യേശുദാസ് കൂട്ടിച്ചേര്‍ത്തു.