കോടതിയലക്ഷ്യക്കേസില്‍ വിവാദ വ്യവസായി വിജയ് മല്യക്ക് തിരിച്ചടി. മല്യ സമര്‍പ്പിച്ച പുനഃപരിശോധനാഹര്‍ജി സുപ്രിംകോടതി തള്ളി. ഹര്‍ജിയില്‍ കഴമ്പില്ലെന്ന് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. കോടതി ഉത്തരവിന് വിരുദ്ധമായി, മക്കളുടെ അക്കൗണ്ടിലേക്ക് 40 മില്യണ്‍ ഡോളര്‍ വകമാറ്റിയതിന് വിജയ് മല്യ കുറ്റക്കാരനെന്ന് സുപ്രിംകോടതി കണ്ടെത്തിയിരുന്നു.

സ്വത്തുവകകള്‍ സംബന്ധിച്ച് കൃത്യമായ വിവരം കൈമാറാത്തതും കോടതിയലക്ഷ്യ നടപടിക്ക് കാരണമായി. കുറ്റക്കാരനെന്ന് കണ്ടെത്തിയ ഉത്തരവ് പുനഃപരിശോധിക്കേണ്ട സാഹചര്യമില്ലെന്ന് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. 2017ലാണ് മല്യയെ കുറ്റക്കാരനായി കണ്ടെത്തിയത്. ബാങ്കുകളുടെ കൂട്ടായ്മ നല്‍കിയ ഹര്‍ജിയിലായിരുന്നു നടപടി. ശിക്ഷ പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് വിജയ് മല്യ നേരില്‍ ഹാജരാകണമെന്നും ഉത്തരവിട്ടു. ഇതിനിടെയാണ് കോടതി നടപടിക്കെതിരെ വിജയ് മല്യ പുനഃപരിശോധനാഹര്‍ജി സമര്‍പ്പിച്ചത്.