കണ്ണൂര്‍: ഇന്ന് റിലീസായ മോഹന്‍ലാലിന്റെ പുതിയ ചിത്രം വില്ലനിലെ സ്റ്റണ്ട് രംഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ യുവാവ് പിടിയില്‍. കണ്ണൂര്‍ ചെമ്പന്തൊട്ടി സ്വദേശിയായ മുപ്പത്തിമൂന്നുകാരനാണ് പൊലീസിന്റെ പിടിയിലായത്. ചിത്രം മൊബൈലില്‍ പകര്‍ത്തുന്നതു കണ്ട് വിതരണക്കാരുടെ പ്രതിനിധി പൊലീസിനെ അറിയിക്കുകയായിരുന്നു.

ചിത്രത്തിന്റെ ആദ്യ ഷോയ്ക്കു തന്നെ യുവാവ് എത്തിയിരുന്നു. രാവിലെ എട്ടിന് സവിത തിയറ്ററില്‍ ഫാന്‍സിനു വേണ്ടി നടത്തിയ ഷോയ്ക്കിടെയാണ് സംഭവം. മോഹന്‍ലാല്‍ ആരാധകനായ യുവാവ് സംഘട്ടന രംഗങ്ങള്‍ മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിക്കുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പെട്ട വിതരണ കമ്പനിയായ മാക്‌സ് ലാബിന്റെ പ്രതിനിധി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. എന്നാല്‍ യുവാവ് കടുത്ത മോഹന്‍ലാല്‍ ആരാധകനാണെന്നാണ് പോലീസ് പറയുന്നത്. ദൃശ്യങ്ങള്‍ വ്യാജ പകര്‍പ്പുണ്ടാക്കുന്നതിന് വേണ്ടിയല്ലെന്നാണ് പൊലീസ് നിഗമനം.

മോഹന്‍ലാല്‍-മഞ്ജു വാര്യര്‍ ജോഡികളായി എത്തുന്ന ബി ഉണ്ണികൃഷ്ണന്‍ ചിത്രാണ് വില്ലന്‍. ഇരുവരുമൊന്നിച്ചുള്ള ചിത്രത്തിലെ ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.