ഓരോരുത്തര്‍ക്കും ഇഷ്ടത്തിനനുസരിച്ചുജീവിക്കാനും സൈ്വരമായി വിഹരിക്കാനും നമ്മുടെ വ്യവസ്ഥിതിയില്‍ അവകാശങ്ങളുണ്ട്. ആരേയും നിയന്ത്രിക്കാന്‍ വ്യവസ്ഥിതി സമ്മതിക്കുന്നില്ല. സ്വതന്ത്രതാവാദവും പുരോഗമനവാദവും (ലിബറലിസം) ഉയര്‍ന്നു വരുന്നതു മതങ്ങളോടുള്ള പുഛത്തില്‍ നിന്നാണ്. ദൈവവിശ്വാസവും ധര്‍മബോധവുമൊക്കെ വെള്ളം ചേര്‍ത്തു നേര്‍പ്പിച്ചു ഇല്ലാണ്ടാവുന്ന പരിസരത്താണ് നാം ജീവിക്കുന്നത്. ധര്‍മനിഷേധവും മതനിരാസവും പതുക്കെ അരിച്ചരിച്ചു വീട്ടുപടിക്കലേക്കും വരുന്നുണ്ട്. അതു ക്രമേണ നിരീശ്വരത്വത്തിലേക്കു വഴിമാറി തുടങ്ങും. ഏറെ മൂല്യവത്തായ ധാര്‍മിക മൂല്യങ്ങളെ പലര്‍ക്കും പുഛമാണ്.നന്മയുടെയും ശാന്തതയുടെയും സമാധാന ജീവിതത്തിന്റെയും വലിയ സന്ദേശങ്ങളായിരുന്നു മതങ്ങള്‍ നല്‍കിയിരുന്നത്.

മത സംഘടനകളെയും അവരിലെ മൂല്യശോഷണത്തെയും വിമര്‍ശിക്കുന്നതിനുപകരമായി, പാവനമായ മത മൂല്യങ്ങളെ വിമര്‍ശിക്കുന്നതിലേക്കാണ് ലിബറലിസം പ്രയാണം നടത്തുന്നത്. പൊതു സദസുകളിലും സൗഹൃദ ഇടങ്ങളിലും കോമാളി ചര്‍ച്ചകള്‍ക്കു മത വിശ്വാസങ്ങള്‍ വലിച്ചിഴക്കപ്പെടുന്നുണ്ട്. ഏറെ മൂല്യവത്തായ ഒരാദര്‍ശം യുവത്വത്തിന്റെ ട്രോളുകള്‍ക്കും നിഷ്‌കരുണം വിധേയമാവുന്നു. നന്മയുടെയും ധര്‍മത്തിന്റെയും സന്ദേശ വാഹകരാവേണ്ടവര്‍ തെരുവില്‍ പരസ്പരം പോരടിക്കുന്നതാണ് കണ്ടുകൊണ്ടിരിക്കുന്നത്. ഉപരിതലത്തില്‍ കാണുന്ന കുമിളകളും വശങ്ങളിലുള്ള ചൊറിച്ചിലുകളുമല്ല മതമെന്നു മനസ്സിലാക്കാന്‍ ഇന്നത്തെ സാമാന്യ ബോധത്തിനു കഴിയുന്നുമില്ല. വര്‍ത്തമാനകാല കൗമാര യുക്തിയും അവരുടെ ബൗദ്ധികതയും മതമൂല്യങ്ങള്‍ പഠന വിധേയമാക്കാതെയാണ് അതിനു നേരെ നിരന്തരം ഒളിയമ്പുകള്‍ അയക്കുന്നത്.

അഗാധമായ പഠനത്തിനും ഗഹനമായ ചിന്തകള്‍ക്കും വിധേയമാക്കേണ്ടതാണ് മത വിശ്വാസങ്ങളും അതിന്റെ മൂല്യങ്ങളും. ഒറ്റയടിക്കു ബോധ്യം വന്നു പിന്തുടരാന്‍ മാത്രം മാജിക്കുകളൊന്നും ഇവിടെയില്ല. ജീവന്‍ രക്ഷിക്കാനുള്ളതല്ല, മറിച്ചു ജീവിതം രക്ഷിക്കാനുള്ളതാണ് മതമെന്നു മനസ്സിലാക്കാന്‍ ശ്രമിക്കണം. യുക്ത്യാധിഷ്ഠിതമായ ചോദ്യങ്ങള്‍കൊണ്ട് മതവിശ്വാസങ്ങളെയും ആചാരങ്ങളെയും വെല്ലുവിളിക്കാനും പരാജയപ്പെടുത്താനും വലിയ കഴിവൊന്നും വേണമെന്നില്ല. ഒരു പക്ഷേ ചെറിയൊരു യുക്തികൊണ്ടു മതത്തെ പരാജയപ്പെടുത്താന്‍ ലിബറലിസത്തിനു കഴിഞ്ഞേക്കാം. കാരണം അനേകം സംജ്ഞകളും വിശ്വാസങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്ന ഒന്നാണു മതം. പരിസരവും കാലഘട്ടവും കൗമാര യുവത്വങ്ങളും സ്വാതന്ത്ര്യമാണു ഇന്നാഗ്രഹിക്കുന്നത്. ഒരുപാടു നിയന്ത്രണങ്ങളും വേലികെട്ടുകളും പുതുതലമുറക്കു ഒട്ടും ഇഷ്ടമല്ല. വരാനുള്ള വലിയൊരു കാലഘട്ടത്തിലേക്കുള്ള മുന്നൊരുക്കങ്ങള്‍ക്കായി ചെറിയൊരു സമയം മാത്രമേ നമുക്കിവിടെ ജീവിക്കാനുള്ളൂ.