ന്യൂഡല്‍ഹി: ബ്രാന്‍ഡ് മൂല്യത്തില്‍ വന്‍ കുതിപ്പുമായി ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോലി. 920 ലക്ഷം യു.എസ് ഡോളറാണ് കോലിയുടെ ഇപ്പോഴത്തെ ബ്രാന്‍ഡ് മൂല്യം. ഇക്കാര്യത്തില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്രസിങ് ധോണിയെയും, മുന്‍ ഇന്ത്യന്‍ താരം മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിനെയും മറികടന്നാണ് കോലിയുടെ ഈ നേട്ടം. ബ്രാന്‍ഡിങ് കമ്പനികളുടെ മൂല്യം നിര്‍ണയിക്കുന്ന ഡഫ് ആന്റ് ഫെല്‍പ്‌സ് ആണ് കോലിയുടെ ബ്രാന്‍ഡ് മൂല്യം രേഖപ്പെടുത്തിയ പട്ടിക പുറത്തുവിട്ടത്.

28 കാരനായ കോലി ഇന്ത്യന്‍ ടീമിന്റെ എല്ലാ ഫോര്‍മാറ്റിന്റെയും നായകനായ ശേഷം ബ്രാന്‍ഡ് മൂല്യത്തില്‍ 25-30 ശതമാനം വര്‍ധനയുണ്ടായതായാണ് കണക്ക്. ഇതേ നിലയില്‍ മുന്നോട്ടുപോയാല്‍ ബോളിവുഡ് താരം ഷാറൂഖ് ഖാനെ പോലും കോലി പിന്തള്ളുമെന്നാണ് കണക്ക്. 1310 ലക്ഷം ഡോളറാണ് ഷാറൂഖിന്റെ ബ്രാന്‍ഡ് വാല്യൂ. 20 ബ്രാന്‍ഡുകള്‍ക്ക് വേണ്ടിയാണ് കോലി ഇപ്പോള്‍ പ്രത്യക്ഷപ്പെടുന്നത്. ജിയോണി, അമേരിക്കന്‍ ടൂറിസ്റ്റര്‍ തുടങ്ങിയ വമ്പന്‍ കമ്പനികള്‍ കോലിയുടെ പിന്നാലെയുണ്ട്.