ഏ.കെ.ജി പരാമര്‍ശത്തില്‍ സി.പി.എം നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരെ പ്രതികരിച്ച് വി.ടി ബല്‍റാം എം.എല്‍.എ. തന്റെ ഒരു നാവ് പിഴുതെടുത്താല്‍ ആയിരം നാവുകള്‍ വേറെ ഉയര്‍ന്ന് വരുമെന്ന് ബല്‍റാം പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച സമര സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം.

തന്നെ ധാര്‍മികതയുടെ പാഠം സി.പി.എം പഠിപ്പിക്കേണ്ട. ഏ.കെ.ജി വിവാദം സി.പി.എം നിലനിര്‍ത്തുകയാണ്. സി.പി.എം ജില്ലാ സമ്മേളനങ്ങളിലെ വിവാദങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണിത്. ഉത്തരേന്ത്യയില്‍ ബി.ജെ.പിയുടെ വനിതനേതാവ് കണ്ണ് ചൂഴ്‌ന്നെടുക്കുമെന്ന് പ്രസംഗിച്ചപ്പോള്‍ പ്രതിഷേധിച്ചവര്‍ കേരളത്തില്‍ വന്ന് തന്റെ നാവ് പിഴുതെടുക്കുമെന്നാണ് പറയുന്നത്. പാവങ്ങള്‍ക്ക് വേണ്ടി പടപൊരുതി എന്ന് പറയുന്നവര്‍ പാവങ്ങള്‍ക്കു പണമെടുത്ത് ആകാശയാത്ര നടത്തുകയാണെന്നും വി.ടി ബല്‍റാം പറഞ്ഞു.

എ.കെ.ജിക്കെതിരെ പരാമര്‍ശം നടത്തിയ ബല്‍റാമിന്റെ നാവ് പിഴുതെടുക്കുമെന്ന് സി.പി.എം നേതാവ് ഭീഷണി മുഴക്കിയിരുന്നു. ബല്‍റാമിന്റെ തൃത്താലയിലെ ഓഫീസ് ആക്രമണശേഷമായിരുന്നു അത്.