ന്യൂഡല്‍ഹി: കൊല്ലം സ്വദേശി ഷെഫിന്‍ ജഹാനുമായുള്ള വിവാഹവുമായി ബന്ധപ്പെട്ട മതംമാറ്റക്കേസില്‍ വൈക്കം സ്വദേശിനി ഡോ. ഹാദിയ തിങ്കളാഴ്ച സുപ്രീംകോടതിയില്‍ ഹാജരാകും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ചിനു മുമ്പാകെയാണ് ഹാദിയ തന്റെ ഭാഗം വിശദീകരിക്കുക. നേരത്തെ, കേസില്‍ വാദം കേള്‍ക്കവെയാണ് യുവതിയെ കോടതിയില്‍ നേരിട്ട് ഹാജരാക്കണമെന്ന് ചീഫ് ജസ്റ്റിസ് അച്ഛന്‍ അശോകനോട് നിര്‍ദേശിച്ചിരുന്നത്. കോടതിയില്‍ ഹാജരാകുന്നതിനായി കനത്ത ശനിയാഴ്ച ഹാദിയ ഡല്‍ഹിയിലെത്തിയിട്ടുണ്ട്. കനത്ത സുരക്ഷയോടെ കേരളാ ഹൗസിലാണ് ഇവരുടെ താമസം. രാത്രി പത്തുമണിക്ക് ഡല്‍ഹി വിമാനത്താവളത്തിലെത്തിയ ഹാദിയയെ മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ച് കേരളാ ഹൗസിന്റെ പിറകുവശത്തു കൂടിയാണ് അകത്തേക്ക് കയറ്റിയത്. നേരത്തെ മുറി ബുക്കു ചെയ്തവര്‍ക്കും ജീവനക്കാര്‍ക്കും മാത്രമാണ് നിലവില്‍ കേരളാ ഹൗസില്‍ പ്രവേശനമുള്ളത്. ഹാദിയ താമസിക്കുന്ന താഴെ നിലയില്‍ കേരള ഹൗസ് ജീവനക്കാര്‍ക്ക് മാത്രമേ പ്രവേശനമുള്ളൂ. ഞായറാഴ്ച വൈകിട്ട് ഷഫിന്‍ ജഹാനും ഡല്‍ഹിയിലെത്തിയിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് കോടതി കേസ് പരിഗണിക്കുന്നത്.
അതിനിടെ, ഹാദിയയ്ക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന അച്ഛന്‍ അശോകന്റെ അഭിഭാഷകന്‍ ആരോപിച്ചു. മാനസിക സ്ഥിരതയുള്ളതു പോലെയല്ല ഹാദിയ പെരുമാറുന്നത്. കുടുംബാങ്ങളെ അസഭ്യം പറയുകയും ഉപദ്രവിക്കുകയും ചെയ്യുന്നുണ്ട്. ഇക്കാര്യം കോടതിയെ അറിയിക്കും- അദ്ദേഹം വ്യക്തമാക്കി.

അശോകന്‍ ആവശ്യപ്പെട്ടതിന് വിരുദ്ധമായി തുറന്ന കോടതിയിലാണ് കോടതി ഹാദിയയുടെ മൊഴിരേഖപ്പെടുത്തുക. ആരുടെയെങ്കിലും പ്രലോഭനത്തിന് വഴങ്ങിയാണോ മതം സ്വീകരിച്ചത് എന്നതാകും കോടതി പ്രധാനമായും ആരായുക. തന്നെയാരും നിര്‍ബന്ധിച്ച് മതം മാറ്റിയിട്ടില്ലെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് ഇസ്്‌ലാം സ്വീകരിച്ചതെന്നും കഴിഞ്ഞ ദിവസം ഡല്‍ഹിയിലേക്ക പോകാനായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഹാദിയ പറഞ്ഞിരുന്നു. തനിക്ക് നീതി കിട്ടണമെന്നും ജീവിക്കാനാവശ്യമായ സംരക്ഷണം ലഭിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു.
തങ്ങളുടെ വിവാഹം റദ്ദാക്കി പെണ്‍കുട്ടിയെ മാതാപിതാക്കള്‍ക്കൊപ്പം വിടാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ ഭര്‍ത്താവ് ഷെഫിന്‍ ജഹാനാണ് സുപ്രീം കോടതിയെ സമീപിച്ചത്. കേസിലെ സ്ഥിതിഗതികള്‍ പഠിക്കാന്‍ സുപ്രീംകോടതി എന്‍.ഐ.എ അന്വേഷണവും പ്രഖ്യാപിച്ചിരുന്നു. ഹാദിയ കേസില്‍ നിലവിലെ സ്ഥിതിഗതികള്‍ വിശദീകരിച്ചുള്ള റിപ്പോര്‍ട്ട് മുദ്ര വച്ച കവറില്‍ എന്‍ഐഎ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

അഖില എന്ന ഹാദിയ മതം മാറി ഷെഫിന്‍ ജഹാനെ വിവാഹം കഴിച്ചത് അസാധുവാണ് എന്ന് ചൂണ്ടിക്കാട്ടി കേരള ഹൈക്കോടതിയിലെ ഡിവിഷന്‍ ബഞ്ചാണ് മെയ് 25ന് യുവതിയെ പിതാവിനൊപ്പം വിട്ടിരുന്നത്. ഇതിനെതിരെ ഷഫിന്‍ ജഹാന്‍ സുപ്രീംകോതിയെ സമീപിക്കുകയായിരുന്നു. കേസില്‍ വാദം കേള്‍ക്കവെ പ്രായപൂര്‍ത്തിയായ രണ്ടു വ്യക്തികള്‍ തമ്മിലുള്ള വിവാഹം റദ്ദാക്കാന്‍ ഹൈക്കോടതിക്ക് അധികാരമുണ്ടോ എന്ന് സുപ്രീംകോടതി ചോദിച്ചിരുന്നു. എന്നാല്‍ മതം മാറ്റം ഒറ്റപ്പെട്ട സംഭവമല്ല എന്നും ഇതില്‍ അന്വേഷണം വേണമെന്നുമായിരുന്നു കേന്ദ്ര സര്‍ക്കാറിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ മനീന്ദര്‍ സിങിന്റെ ആവശ്യം. മതം മാറ്റവിഷയത്തില്‍ അന്വേഷണം വേണ്ടതില്ല എന്നാണ് കേരളസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിട്ടുള്ളത്.