അബുദാബി: വാട്‌സാപ്പ് അടുത്തിടെ നടപ്പാക്കിയ ഗ്രൂപ് കൂട്ടക്കൈമാറ്റ സൗകര്യം ഗുണത്തെക്കാളേറെ ദോഷം ചെയ്യുന്നതായി പരാതി. സന്ദേശങ്ങളും ചിത്രങ്ങളും നിരവധി ഗ്രൂപ്പുകളിലേക്ക് ഒരേസമയം കൈമാറാന്‍ കഴിയുന്ന സംവിധാനമാണ് വിനയായി മാറിയത്. ഇതുമൂലം നിമിഷങ്ങള്‍ക്കകം ഓരോ മൊബൈല്‍ ഫോണിലേക്കും നൂറുകണക്കിന് സന്ദേശങ്ങളാണ് പ്രവഹിച്ചു കൊണ്ടിരിക്കുന്നത്. മുഴുസമയം വാട്‌സാപ്പ് നോക്കിയിരിക്കുന്നവര്‍ക്ക് പ്രശ്‌നമില്ലെങ്കിലും അത്യാവശ്യകാര്യങ്ങള്‍ക്ക് മാത്രം ഉപയോഗിക്കുന്നവര്‍ക്കാണ് പുതിയ സൗകര്യം ശല്യമായി ഭവിച്ചിട്ടുള്ളത്.

നിരവധി ഗ്രൂപ്പുകളിലെ പങ്കാളികള്‍ക്കും മൊബൈല്‍ ഫോണിലൂടെ ഇമെയില്‍ അയക്കുന്നവര്‍ക്കും സ്വീകരിക്കുന്നവര്‍ക്കുമാണ് തുരുതുരായുളള വാട്‌സാപ്പ് സന്ദേശങ്ങളുടെ പ്രളയം പ്രയാസം സൃഷ്ടിക്കുന്നത്. മൊബൈല്‍ ഫോണില്‍ ഇന്റര്‍നെറ്റ് കണക്റ്റ് ആകുന്നതോടെ സന്ദേശങ്ങള്‍ പ്രവഹിച്ചു കൊണ്ടിരിക്കും. അത്യാവശ്യ കാര്യങ്ങള്‍ക്കായി ഇമെയില്‍ പരിശോധിക്കാനും മറ്റും ഇവ തടസ്സം സൃഷ്ടിക്കുന്നതായാണ് പറയപ്പെടുന്നത്.
ഏറെ നേരം കഴിഞ്ഞാണ് സന്ദേശങ്ങള്‍ അവസാനിക്കുക. അപ്പോഴേക്കും അടുത്ത ഘട്ടം വീണ്ടും വന്നു ചേരുന്ന അവസ്ഥ. അതുകൊണ്ടുതന്നെ, പലരും ഗ്രൂപ്പുകളില്‍ നിന്ന് പിന്മാറിത്തുടങ്ങിയിട്ടുണ്ട്. ഗ്രൂപ്പില്‍ പങ്കാളികളാകുന്നവരുടെ എണ്ണം വര്‍ധിപ്പിച്ചതും ഗ്രൂപ് സന്ദേശങ്ങളുടെ ഒഴുക്ക് വര്‍ധിക്കാന്‍ കാരണമായിരുന്നു.

ഗ്രൂപ്പുകള്‍ നിരവധി പുതിയ ബന്ധങ്ങള്‍ക്കും സൗഹൃദങ്ങള്‍ക്കും സൗകര്യപ്രദമായി മാറിയിട്ടുണ്ടെങ്കിലും ഗ്രൂപ്പിലെ കലഹങ്ങള്‍ വ്യക്തി വൈരാഗ്യത്തിലേക്കും വിരോധത്തിലേക്കും വരെ പലപ്പോഴും എത്തുന്നുണ്ടെന്ന് ഗ്രൂപ്പിലെ സ്ഥിരാംഗങ്ങള്‍ അഭിപ്രായപ്പെടുന്നു.പ്രാദേശിക കൂട്ടായ്മകളിലും മഹല്ലുകളിലും തുടങ്ങി അന്താരാഷ്ട്ര സൗഹൃദങ്ങള്‍ വരെ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ സജീവമാണ്. ആധുനിക വിവര സാങ്കേതിക വിദ്യ ഇത്തരം കൂട്ടായ്മകളിലൂടെ വിജ്ഞാനപ്രദമായി മാറുന്നുണ്ടെങ്കിലും പലര്‍ക്കും തങ്ങളുടെ തൊഴിലില്‍ ശ്രദ്ധിക്കാന്‍ കഴിയാതെ പോകുന്നുണ്ട്. ഓഫീസുകള്‍, തൊഴില്‍ ശാലകള്‍, വാണിജ്യ കേന്ദ്രങ്ങള്‍,

ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങള്‍ എന്നിവയിലെല്ലാം പലരും നവ മാധ്യമങ്ങളുടെ പിടിയിലാണ്. നിമിഷങ്ങള്‍ക്കകം മിന്നിമറയുന്ന സന്ദേശങ്ങള്‍ വിരല്‍ തുമ്പില്‍ നിന്നും പിടച്ചു പായുകയാണ്. ചുണ്ടോടടുക്കുന്ന ചായക്കോപ്പ നിരവധി തവണ പിന്‍വലിച്ചു കൊണ്ടിരിക്കുന്നു. സന്ദേശങ്ങള്‍ ഒഴുകുകയാണ്. ആര്‍ക്കും ആരെയും ശ്രദ്ധിക്കാന്‍ സമയമില്ലാത്ത അവസ്ഥ. കൂട്ടായ്മകളിലെ പോസ്റ്റുകളില്‍ മനസ് നീറുന്നവര്‍ പലരും സ്വന്തം കണ്‍മുന്നിലെ സംഭവങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണ്.