മാനന്തവാടി: കഴിഞ്ഞ രണ്ട് ദിവസമായി വയനാട് ജില്ലയില്‍ തൊഴിലാളികളുടെ നേതൃത്വത്തില്‍ നടന്നുവരുന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. ഇന്നലെ വൈകിട്ട് കലക്ടറേറ്റ് ഹാളില്‍ ജില്ലാ കലക്ടറുടെ ചുമതലയുള്ള എ.ഡി.എം കെ. രാജുവിന്റെ നേതൃത്വത്തില്‍ ബസ് തൊഴിലാളി യൂനിയന്‍ നേതാക്കളും ബസ്സുടമകളും തമ്മില്‍ നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് സമരം പിന്‍വലിക്കാന്‍ ധാരണയായത്. സി.കെ ശശീന്ദ്രന്‍ എം.എല്‍എയും ചര്‍ച്ചയില്‍ പങ്കെടുത്തു. നേരത്തെ ജില്ലാ ലേബര്‍ ഓഫീസറുടെ സാന്നിധ്യത്തില്‍ ബസ് ഉടമകളും ട്രേഡ് യൂണിയന്‍ പ്രതിനിധികളും ചേര്‍ന്നുണ്ടാക്കിയ ധാരണ പ്രകാരമുള്ള ശമ്പള, ബത്ത വര്‍ധന നല്‍കുമെന്ന ബസ്സുടമകളുടെ ഉറപ്പിനെത്തുടര്‍ന്നാണ് സമരം പിന്‍വലിക്കാന്‍ തൊഴിലാളികള്‍ തയ്യാറായത്. ജില്ലാ ലേബര്‍ ഓഫീസറുടെ സാന്നിദ്ധ്യത്തില്‍ മേയ് 29 ന് ഉണ്ടാക്കിയ കരാര്‍ പ്രകാരമുള്ള വേതന പരിഷ്‌കാരം ജൂണ്‍ 7 മുതല്‍ നല്‍കും. ഫെയര്‍വേജസ്സിന്റെ കാര്യത്തില്‍ ജില്ലാ ലേബര്‍ ഓഫീസ് തൊഴിലാളി-ഉടമാ തലത്തില്‍ ചര്‍ച്ച ചെയ്തു ഒരു മാസത്തിനുള്ളില്‍ തീരുമാനമെടുക്കും. ആര്‍.ടി.ഒ ഇന്‍ചാര്‍ജ്ജ് എസ്.മനോജ്, ലേബര്‍ ഓഫീസ് പ്രതിനിധി ജോബി തോമസ്, തൊഴിലാളി സംഘടനാപ്രതിനിധികള്‍,ബസ്സുടമകളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. അതേസമയം, ബസുടമയെ മര്‍ദ്ദിച്ചവരെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ നടത്തിവന്ന ബസ് സമരവും ഇന്നലെ വൈകിട്ടോടെ പിന്‍വലിച്ചു. പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണിത്. ബസ് തൊഴിലാളികള്‍ക്ക് നല്‍കേണ്ട വേതനം നല്‍കുന്നതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്നായിരുന്നു തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്കിലേക്ക് തിരിഞ്ഞത്. മാനന്തവാടി താലൂക്കില്‍ വര്‍ധിപ്പിച്ച വേതനം നല്‍കാത്തതിനെ തുടര്‍ന്ന് ആദ്യം രണ്ട് ദിവസമായി പണിമുടക്ക് നടത്തിയെങ്കിലും നടപടിയാകാത്തതിനെ തുടര്‍ന്ന് ജില്ലയില്‍ ബസ് പണിമുടക്ക് ആരംഭിക്കുകയായിരുന്നു. നേരത്തെ ജില്ലാ ലേബര്‍ ഓഫീസറുടെ സാന്നിധ്യത്തില്‍ ബസ് ഉടമകളും ട്രേഡ് യൂണിയന്‍ പ്രതിനിധികളും ചേര്‍ന്നുണ്ടാക്കിയ ധാരണ നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു സമരം നടന്നത്. സ്വകാര്യബസ് സമരം മൂലം ജനങ്ങള്‍ക്ക് ഏറെ ദുരിതമാണുണ്ടായത്. സ്‌കൂള്‍ തുറന്ന സമയത്ത് നടത്തിയ അനിശ്ചികകാല സമരം വിദ്യാര്‍ത്ഥികളുള്‍പ്പെടെയുള്ള യാത്രക്കാരെ വലച്ചിരുന്നു. പലയിടങ്ങളും കെ എസ് ആര്‍ ടി സി അധിക സര്‍വ്വീസ് നടത്തിയെങ്കിലും ജനങ്ങളുടെ ദുരിതത്തിന് കാര്യമായ അറുതി വരുത്താനായിരുന്നില്ല. മാനന്തവാടി ഡിപ്പോയില്‍ കോഴിക്കോട് ഡിപ്പോയില്‍ നിന്നുവരെ ബസുകളെത്തിച്ചായിരുന്നു സര്‍വ്വീസ് നടത്തിയിരുന്നത്. ഇത് കെ എസ് ആര്‍ ടി സിയുടെ വരുമാനവര്‍ധവിനും ഇടയാക്കിയിരുന്നു.