വിവാഹ പരസ്യങ്ങള്‍ പലതു കണ്ടിട്ടുണ്ടാവും നിങ്ങള്‍. വരന്റെ യോഗ്യതകള്‍, വധുവിനെ കുറിച്ചുള്ള സങ്കല്‍പങ്ങള്‍, നീളമുള്ളത്, തടിച്ചത്, മെലിഞ്ഞത്..അങ്ങനെ നിരവധി. ചില യോഗ്യതകളൊക്കെ പ്രത്യേകതള്‍ കൊണ്ടും നര്‍മങ്ങള്‍ കൊണ്ടും സോഷ്യല്‍ മീഡിയയില്‍ തരംഗമാവാറും ഉണ്ട്. അത്തരത്തില്‍ ഒരു പരസ്യമാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

വക്കീല്‍ ആയ വരന്‍ വധുവിനെ തേടുന്നതാണ് പരസ്യം. വരന് 37 ആണ് വയസ്. കെട്ടാന്‍ പോവുന്ന പെണ്ണ്‌ കാണാന്‍ കൊള്ളാവുന്നവള്‍ ആയിരിക്കണം, മെലിഞ്ഞിരിക്കണം, ഉയരം വേണം എന്നിങ്ങനെ സാമാന്യം എല്ലാവരും വെക്കുന്ന ഡിമാന്റുകള്‍ വക്കീലിനുമുണ്ട്. പക്ഷേ എല്ലാവരില്‍ നിന്നും വേറിട്ട ഒരു ഡിമാന്റ് കൂടി വക്കീല്‍ മുന്നോട്ടു വക്കുന്നു. പെണ്‍കുട്ടി സാമൂഹിക മാധ്യമങ്ങളില്‍ ആക്റ്റീവാകാത്തവളും ആയിരിക്കണമത്രേ. പിന്നീട് ഒരു പ്രശ്‌നം വരരുതല്ലോ..

അതു മാത്രമല്ല, വരന്റെ യോഗ്യതയിലുമുണ്ട് പ്രത്യേകത. യോഗ ചെയ്യുന്ന സുന്ദരന്‍ ആണ് താനെന്ന് പ്രത്യേകം എഴുതിയിട്ടുണ്ട്. ഹൈക്കോടതിയിലെ വക്കീല്‍ കൂടാതെ ഗവേഷകന്‍ കൂടിയാണെന്നും വീട്ടില്‍ കാര്‍ ഒക്കെയുണ്ടെന്നും പറഞ്ഞുവക്കുന്നു.

ഐഎഎസ് ഉദ്യോഗസ്ഥാനായ നിതിന്‍ സംഗ്വാന്‍ ആണ് ഈ പരസ്യം തന്റെ ട്വിറ്ററിലൂടെ പങ്കുവച്ചത്. ഭാവി വധൂവരന്മാരുടെ ശ്രദ്ധക്ക് എന്നു പറഞ്ഞാണ് ട്വീറ്റ്.